ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Saturday, May 22, 2010

മാണിക്യക്കല്ലും കൊണ്ട് പറന്നുപോയ പാമ്പുകള്‍.

'അമ്മമ്മേ, അമ്മമ്മ കണ്ടോ? ആകാശത്ത്ന്നോരു നക്ഷത്രം താഴെ വീണു. അതെന്താ അമ്മമ്മേ നക്ഷത്രം താഴെ വീണത്?'

സന്ധ്യക്ക് ഉമ്മറക്കോലായില്‍ ചൂടി പിരിച്ചുകൊണ്ടിരുന്ന അമ്മയുടെ അടുത്തേക്കോടി ബാബുട്ടന്‍.
'അത് നക്ഷത്രം വീണതൊന്നുമല്ല മോനേ, പാമ്പ് മാണിക്യക്കല്ലും കൊണ്ട് പറന്നുപോയതാണ്‌. ബാബുട്ടനെ മടിയില്പിടിച്ചിരുത്തിക്കോണ്ട് അമ്മമ്മ പറഞ്ഞു.'

'പാമ്പ് മാണിക്യക്കല്ലും കൊണ്ട് പറക്വേ?'

'ആ, ആ പാമ്പുകള്‍ മാണിക്യക്കല്ലുകളുടെ സൂക്ഷിപ്പുകാരാണ്‌. അവ ഇടയ്ക്ക് മാണിക്യക്കല്ലും കൊണ്ട് ആകാശത്തൂടെ പറന്നുപോകും.'

വിയര്‍പ്പിന്റെയും ചകിരിയുടേയും വെറ്റിലടയ്ക്കയുടേയും സമ്മിശ്ര ഗന്ധമാണ്‌ അമ്മമ്മയ്ക്കു്‌. ആ ഗന്ധം അവനിഷ്ടവുമായിരുന്നു. അമ്മമ്മ അവനെ മടിയില്‍ പിടിച്ചിരുത്തി പാമ്പ് മാണിക്ക്യം കാക്കുന്ന കഥ പറഞ്ഞു കൊടുത്തു.

പൊന്നേമ്പാടത്തെയും തിരുത്തിയാട്ടെയും മണക്കടവിലെയും പെണ്ണുങ്ങള്‍ ചൂടിപിരിച്ചു വരുമാനമുണ്ടാക്കി. മണക്കടവില്‍ ചാലിയാര്‍ പുഴയിലെ ചെളിയില്‍ പൂഴ്ത്തിയ തൊണ്ട് പാകമാകുമ്പോള്‍ കഴുകിയെടുത്ത് കരിങ്കല്ലിലിട്ട് പനങ്കോലുകൊണ്‍ട് തല്ലുകയും ചകിരിനാരുകളായി വളുപ്പിച്ചെടുക്കുകയും ചെയ്തു. ചകിരി തല്ലാന്‍ നിരനിരയായിരുന്ന പെണ്ണുങ്ങള്‍ നാട്ടിലെ കിസകള്‍ പറഞ്ഞു ചിരിച്ചു. ചകിരിനാരുകള്‍ വീട്ടിലിരുന്ന് കൈകൊണ്ട് പിരിച്ച് ചൂടിയാക്കാന്‍ അവര്‍ വീടുകളിലേക്ക് ചുമന്നുകൊണ്ടുപോയി. മാത്യേമയും സരസ്വേമയും ചുമന്നുകൊണ്ടുവന്ന ചകിരി അവരും അമ്മമ്മയും ചേര്‍ന്ന് പിരിച്ച് ചൂടിയാക്കുകയും ആ ചൂടി തിരികെയെത്തിച്ച് ചെറിയ ചെറിയ വരുമാനമുണ്ടാക്കുകയും ചെയ്തു.

അമ്മമ്മ പറഞ്ഞത് അത്രയ്ക്കങ്ങ് വിശ്വാസമായില്ലെങ്കിലും അമ്മമ്മയോട് തര്‍ക്കിക്കാനൊന്നും നിന്നില്ല. പറക്കാന്‍ പാമ്പുകള്‍ക്ക് ചിറകില്ലല്ലോ? ഏതായാലും വല്യമാമന്‍ വരുമ്പോല്‍ ചോദിക്കുകതന്നെ. വല്യമാമന്‌ എല്ലാം അറിയാം.

പത്താം തരം പാസായ ശേഷം അമ്മച്ഛന്റെ കൂടെ ശ്രീധരന്‍ നായരുടെ പേരൂത്തുംകാവില്‍ തോട്ടപ്പണിക്ക് പോവുകയാണ്‌ വല്യമാമന്‍. പണികഴിഞ്ഞെത്തിയാല്‍ പിന്നെ മാമന്റെ പിറകെയാണ്‌ നടത്തം.നാട്ടിലെ പുതുവര്‍ത്തമാനങ്ങല്‍ അവന്‍ മാമനില്‍ നിന്നറിഞ്ഞു. ഇന്നാള്‌ നേര്‍ച്ച കൊടുക്കുന്നതിന്റെ രഹസ്യം പറഞ്ഞുതന്നതും വല്യമാമനാണല്ലോ.

എല്ലാ ആണ്ടറുതി ദിവസങ്ങളിലും, കൂടാതെ വീട്ടില്‍ എന്തെങ്കിലും വിശേഷ ഭക്ഷണമുണ്ടാക്കുമ്പോളും മരിച്ചുപോയ കാരണവ്ന്മാര്‍ക്ക് നേര്‍ച്ച കൊടുക്കുന്ന സംബ്രദായമുണ്ട്. അതിനുശേഷമേ എല്ലാവരും ഭക്ഷണം കഴിക്കൂ. അമ്മച്ചനാണ്‌ നേര്‍ച്ച കൊടുക്കുക.

കോണകവും അതിനുമേലൊരു തോര്‍ത്തുമുണ്ടുമാണ്‌ അമ്മച്ചന്റെ വീട്ടിലെ വേഷം. കോണകത്തിനെ വാല്‍ തോര്‍ത്തുമുണ്ടിനുളളിലൂടെ എപ്പോളും തെളിഞ്ഞു കണ്ടു. പുറത്തു പോകുമ്പോള്‍ മാത്രം അമ്മച്ഛന്‍ മല്ലുമുണ്ടും മുറിയന്‍ കയ്യും വശങ്ങളില്‍ കീശയുമുള്ള നീളന്‍ വെള്ളക്കുപ്പായവും അതിനു മുകളില്‍ തോളിലൊരു മേല്‍ മുണ്ടും ധരിച്ചു.

അമ്മച്ഛന്‍ പൊതുവേ ഗൗരവക്കാരനാണ്‌. വീട്ടില്‍ അധികമാരോടും വര്‍ത്തമാനം പറയില്ല. പയുന്നെങ്കില്‍ കൂടുതലും ശാസനയായിരിക്കും. അധികമൊന്നും പുറം ലോകം കണ്ടയാളല്ല അമ്മച്ഛന്‍. ചെറുപ്പത്തില്‍ നിലമ്പൂര്‍ കാട്ടിലും വയനാട്ടിലും പണിക്കു പോയതിന്റെ വീരകഥകള്‍ വല്ലപ്പോളും പറയുന്നതു കോള്‍ക്കാം. ശ്രീധരന്‍ നായരുടെ തോട്ടത്തിലെ പണിയായിരുന്നു അമ്മച്ഛന്‌.

ചില ദിവസങ്ങളില്‍ പണികഴിഞ്ഞെത്തുമ്പോള്‍ അമ്മച്ഛന്‌ റാക്കിന്റെ മണമുണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ അദ്ദേഹം ഗൗരവമെല്ലാം വെടിഞ്ഞ്‌ ആവശ്യത്തിലധികം സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെയുള്ള അവസരങ്ങളിലാണ്‌ നിലമ്പൂരില്‍ പണിക്കു പോയതിന്റെയും ഫറോക്കിലേക്കും തിരിച്ച് മണക്കടവിലേക്കും പുഴയിലൂടെ വലിയ തോണി തുഴഞ്ഞ് വരുന്നതിന്റെയും കഥകള്‍ പറയുക.

ഒരു ദിവസം നേര്‍ച്ച കൊടുക്കുന്നതിനായി അമ്മച്ചന്‍ ഒരുക്കം തുടങ്ങി. നടുവിലകത്താണ്‌ നേര്‍ച്ച കൊടുക്കുക. ചാണകം മെഴുകിയ തറയില്‍ നിലവിളക്കു കത്തിച്ചുവെയ്ക്കും. സമീപം വെള്ളം നിറച്ച കിണ്ടിയും. നാക്കിലയില്‍ ചോറും കോഴിക്കറിയും എല്ലാ വിഭവങ്ങലും വിളമ്പും. കാരണവന്മാരുടെ ഇഷ്ട വിഭവമായ റാക്കുമുണ്ടാകും ഒരു ഗ്ലാസില്‍. കാരണവന്മാര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മരപ്പലകയും സമീപത്തുതന്നെ വെയ്ക്കും. മുറിയടച്ച് ഒരു പത്തുപതിനഞ്ച് മിനിറ്റ് കാത്തിരിക്കും ആ സമയത്ത് കാരണവന്മാര്‍ വന്ന് ഭക്ഷണം കഴിക്കുമെന്ന് വിശ്വസിക്കപ്പെട്ടു.

'വല്യമാമാ, ശരിക്കും മരിച്ചുപോയ കാരണവന്മാര്‍ വന്ന് ഭക്ഷണം കഴിക്യോ?'

'പിന്നില്ലാതെ? നീയിതുവരെ കണ്ടിട്ടില്ലേ?'

'ഇല്ലല്ലോ!'

'എന്നാല്‍ വേഗം ചെല്ല്. പുറകിലെ ജനാലയിലൂടെ അകത്തേക്ക് പോയി നോക്ക്‌. മരിച്ചുപോയ എല്ലാ കാരണവന്മാരെയും കാണാം.'

അവന്‍ വീടിന്‌ പിറകിലെത്തി ജനാലയുടെ അഴിയില്‍ പിടിച്ചുകയറി അകത്തേക്കുനോക്കി. ഏയ് ഇവിടെങ്ങും ആരുമില്ലല്ലോ? എല്ലാംവെച്ചപോലെതന്നെയുണ്ട്. വല്യമാമന്‍ തന്നെ പറ്റിക്കുമോ?

അവന്‍ വല്യമാമന്റെ അടുത്തേക്കോടി.

'അവിടെങ്ങും ആരുമില്ലല്ലോ, എല്ലാം വെച്ച സ്ഥലത്തുതന്നെയുണ്ട്.'

'നീ ശരിക്കും നോക്കിയോ?'

'ശരിക്കും നോക്കി. അവിടെങ്ങും ആരുമില്ല.'

'അതുതന്നെയാണ്‌ ശരി. അവിടെങ്ങും ആരുമില്ല. മരിച്ചു പോയവരാരും തിരിച്ചുവരില്ല. മരിച്ചുപോയവരുടെ ആത്മാവ് വന്ന് ഭക്ഷണം കഴിക്കുമെന്നത് ഒരു സങ്കല്പ്പം മാത്രമാണ്‌. അത് ജീവിച്ചിരിക്കുന്നവരുടെ മനസ്സമാധാനത്തിനുവേണ്ടി ഉണ്ടാക്കിയ ആചാരമാകാം. ഏതായാലും എല്ലാ കാര്യവും കേട്ടപാടേ വിശ്വസിക്കരുത്. അതിന്റെ സത്യാസത്യങ്ങള്‍ നമ്മള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തണം.'

നേര്‍ച്ച ഭക്ഷണം കഴിക്കാന്‍ കാരണവന്മാര്‍ വരില്ലെന്ന അറിവ് രഹസ്യം പുറത്താക്കപ്പെട്ട മാജിക് പോലെയാണ്‌. രഹസ്യം പുറത്തായാല്‍ പിന്നെ മാജിക് മാജിക്കല്ലല്ലോ?

അന്ന് പേരൂത്തും കാവില്‍ നിന്ന്‌ പണി കഴിഞ്ഞ്‌ വല്യമാമന്‍ വന്നു. എണ്ണ തേച്ച് കുളിക്കാനുള്ള പുറപ്പാടാണ്‌.

'മാമാ, ഇന്ന് ഞാന്‍ ആകാശത്തുനൊരു നക്ഷത്രം താഴെ വീഴുന്നത് കണ്ടു.അമ്മമ്മ പറഞ്ഞു അത് മാണിക്യക്കല്ലും കൊണ്ട് പറന്നുപോയ പാമ്പാണെന്ന്‌. അത് ശരിക്കും എന്താണ്‌?'

വല്യമാമന്‍ പൊട്ടിച്ചിരിച്ചു.

'അത് മാണിക്യക്കല്ലും കൊണ്ട് പറക്കുന്ന പാമ്പൊന്നുമല്ല, അത് ഒരു ഉല്‍ക്കയായിരിക്കാനാണിട. ബഹിരാകാശത്തുനിന്ന് വഴിതെറ്റിവരുന്ന വസ്തുക്കള്‍. അവ ഭൂമിയുടെ ആകര്‍ഷണപരിധിയില്‍ വരുമ്പോല്‍ അന്തരീക്ഷത്തില്‍ വെച്ച് കത്തി ചാമ്പലാകുന്നു. അങ്ങനെയൊരു ഉല്‍ക്കയാണ്‌ നീ കണ്ടത്. രാത്രിയില്‍ ആകാശത്തേക്കു നോക്കിയിരുന്നാല്‍ ഇതുപോലുള്ള ഉല്‍ക്കകളെ പലപ്പോഴും കാണാം.'

വല്യമാമന്‍ പറഞ്ഞുതന്ന ഉല്‍ക്കകളും, അമ്മമ്മയുടെ മാണിക്യക്കല്ലുമായി പറക്കുന്ന പാമ്പുകളും തലയ്ക്കുള്ളിലിരുന്ന് കശപിശ കൂട്ടി. വല്യമാമന്‍ പറഞ്ഞതാണ്‌ ശരി. എന്നാലും അമ്മമ്മയുടെ മാണിക്യക്കല്ലുമായി പറക്കുന്ന പാമ്പുകള്‍ക്ക് എന്തോ മാസ്മരിക സൗന്ദര്യമുണ്ടായിരുന്നു.

വല്യമാമന്‍ അറിവിന്റെ ഒരു മഹാമാനുഷനായി മനസ്സില്‍ നിറഞ്ഞു നിന്നു. മാണിക്യക്കല്ലുകളുമായി പാമ്പുകള്‍ അവന്റെ തലയില്‍നിന്നും എങ്ങോട്ടോ പറന്നുപോയി.

വല്യമാമനൊപ്പം പേരുത്തുംകാവില്‍ പോവുക രസകരമായ കാര്യമാണ്‌. ചെറിയ മാമനും കുട്ടിമാമനും എല്ലാവരുമുണ്ടാകും കൂടെ. പേരൂത്തുംകാവ് കക്കോവിനും തിരുത്തിയാടിനുമിടയ്ക്കുള്ള മലയുടെ മുകളിലാണ്‌. ആ മലയുടെ മുകളില്‍ ഇഷ്ടം പോലെ വെള്ളമുള്ള രണ്ട് കുളങ്ങളുണ്ട്. എങ്ങും പച്ചപ്പ്‌. ഇടതൂര്‍ന്ന പൈന്‍ മരങ്ങള്‍ ഒരു വശത്ത്.തെങ്ങും കവുങ്ങും കുരുമുളകും വാഴകളും പച്ചക്കറികളും നിറഞ്ഞ കൃഷിസ്ഥലം. ഇടതൂര്‍ന്ന കാടിനു നടുവില്‍ പൊളിഞ്ഞു വീണ ഒരു കരിങ്കല്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. ഉള്ളില്‍ നാഗപ്രതിമക്കല്‍ പൊട്ടിയടര്‍ന്നുകിടന്നു.

മേല്‍കൂരയില്ലാതെ തകര്‍ന്നടിഞ്ഞ കാവിനുചുറ്റും പൈന്‍ മരങ്ങളുടെ ഇലകള്‍ വീണ്‌ ഉണങ്ങിക്കിടന്നു. അതിനടുത്തുള്ള കുളങ്ങളില്‍ നിന്നു നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്ന വെള്ളം പേരൂത്തും കാവിനെ ഫല സമൃദ്ധമാക്കി. ആ കുളത്തില്‍ മാമന്മാരുടെ കയ്യില്‍ കിടന്നാണ്‌ അദ്യമായി നീന്തല്‍ പഠിച്ചത്‌.

മഴക്കാലവും വേനല്‍കാലവും മഞ്ഞുകാലവും മാറിമാറി വന്നു. ചാലിയാറില്‍ കരകവിഞ്ഞ കൊങ്ങം വെള്ളം പൊറ്റയിലങ്ങാടിയിലും അത്താണിക്കലും പലവട്ടം കയറിയിറങ്ങിപ്പോയി. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂളില്‍നിന്ന് എസ് എസ് എല്‍ സി ക്കൊപ്പം നേടിയ അഗ്രികള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ വല്യമാമന്‍ മറ്റുപല സുഹൃത്തുക്കള്‍ക്കുമൊപ്പം കൃഷിവകുപ്പില്‍ ജീവനക്കാരനായി. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഭവിച്ച അദ്ദേഹം വിപ്ലവപാര്‍ട്ടിയുടെ ആദര്‍ശങ്ങളും മനസ്സിലേന്തി ജീവിച്ചു.

കാലില്‍ ഒരു മുള്ളു കുത്തിയുണ്ടായതെന്ന് അമ്മച്ചന്‍ തന്നെ കണ്ടുപിടിച്ച ഒരു മുറിവ്, കാലിലൂടെ മാറിലൂടെ തലയിലേക്കു കയറി അമ്മച്ചന്‍ എന്നെന്നേക്കുമായി ഓര്‍മ്മയായി. ഭൂതവും ഭാവിയും വര്‍ത്തമാനവും വേര്‍തിരിച്ചറിയാനാകാത്ത ലോകത്തില്‍ പാമ്പുകളും മാണിക്യക്കല്ലുകളും കെട്ടുപിണഞ്ഞുകിടക്കുന ഓര്‍മ്മകളുമായി നിസ്സഹായയായി അമ്മമ്മ കിടക്കുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍ മുന്നോട്ടു നടന്ന വഴികള്‍ വല്യമാമന്‍ എപ്പോഴെങ്കിലും തിരിച്ചു നടന്നൊ?

ഏതായാലും അദ്ദേഹം നാട്ടിലെ അമ്പല പുനരുദ്ധാരണ കമ്മിറ്റി അംഗമായി; അമ്പലത്തിലെ നിത്യസന്ദര്‍ശകനായി. നേരില്‍ കണ്ടപ്പോള്‍ ചോദിക്കാതിര്‍ക്കാന്‍ കഴിഞ്ഞില്ല.

'നമ്മള്‍' ഇത്തരം കാര്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞു നിന്നാല്‍ അമ്പലങ്ങള്‍ ആറെസ്സെസ്സുകാര്‍ കയ്യടക്കിക്കളയുമെന്നാണ്‌ അദ്ദേഹം അദ്ദേഹം ‍ന്യായീകരിച്ചത്. കേട്ടപ്പോള്‍ അതിലും ചെറിയ ശരിയുണ്ടല്ലോ എന്നുതോന്നാതിരുന്നില്ല. ഭക്തന്മാര്‍ മൊത്തം ആറെസ്സാകുന്നതിലും നല്ലതാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ അമ്പലത്തില്‍ പോയിട്ടാണെങ്കിലും അവരോടിടപഴകുന്നത്!!!

പുതിയ വീട്ടില്‍ താമസമാക്കുന്നതിന്‌ തലേദിവസം വല്യമാമന്‍ വന്നു. അന്ന്‌ അദ്ദേഹത്തിന്റെ നെറ്റിയില്‍ ഒരു കറുത്ത കുറിയുമുണ്ടായിരുന്നു. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം പറഞ്ഞു:

'നീയേതായാലും പുതിയ വീട്ടില്‍ ഗണപതി ഹോമമൊന്നും നടത്തുന്നില്ല. അതിലെ ഭക്തിയൊന്നുമല്ല കാര്യം. ഹോമകുണ്ടത്തില്‍നുന്നുള്ള പുക വീട്ടിനകത്തെ അശുദ്ധവായുവിനെയും രോഗാണുക്കളെയും നശിപ്പിച്ച് വീടിന്‌ ചൈതന്യമേകും. അതുപോട്ടെ നീയെന്താ മോന്തിക്ക് കോലായില്‍ നിലവിളക്കും വെക്കണില്ലേ?'

'വിളക്ക് വെളിച്ചത്തിനുവേണ്ടിയല്ലേ മാമാ? അതിനിപ്പോല്‍ നിലവിളക്കിനേക്കാള്‍ നല്ല എത്ര മാര്‍ഗ്ഗമുണ്ട്‌? ഒരു നിലവിളക്കിന്റെ വെളിച്ചത്തിന്റെ നൂറിരട്ടി വെളിച്ചം ഒരു ചെറിയ സി എഫ് എല്ലില്‍ നിന്നു കിട്ടുമ്പോള്‍ പിന്നെന്തിനാണ്‌ നിലവിളക്ക്? വീട്ടിനുള്ളിലെ അശുദ്ധവായുവും രോഗാണുക്കളും പുകകൊണ്ട് നശിക്കുമെങ്കില്‍ അതിന്‌ ഗണപതിഹോമത്തിന്റെ ആവശ്യമില്ലല്ലോ? ഒരു പാത്രത്തില്‍ കുറച്ച് പുകച്ച് കാണിച്ചാല്‍ പോരേ?'

ഏതായാലും വല്യമാമന്‍ കൂടുതല്‍ തര്‍ക്കത്തിനൊന്നും നിന്നില്ല.

ചെറുപ്പത്തില്‍ വല്യമാമന്‍ ഓടിച്ചുവിട്ട മാണിക്യക്കല്ലുകളും കൊണ്ട് പറക്കുന്ന പാമ്പുകള്‍ എപ്പോഴാണ്‌ മാമന്റെ തലയില്‍ കയറിക്കൂടിയത്?

എവിടേയാണ്‌ പിഴച്ചത്?

തെറ്റുതിരുത്തല്‍ രേഖ കൊണ്ടും പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല; കാരണം അദ്ദേഹം ഏരിയാകമ്മിറ്റിക്കു മുകളിലല്ലല്ലോ!!!!!!

11 comments:

സുശീല്‍ കുമാര്‍ said...

ചെറുപ്പത്തില്‍ വല്യമാമന്‍ ഓടിച്ചുവിട്ട മാണിക്യക്കല്ലുകളും കൊണ്ട് പറക്കുന്ന പാമ്പുകള്‍ എപ്പോഴാണ്‌ മാമന്റെ തലയില്‍ കയറിക്കൂടിയത്?

എവിടേയാണ്‌ പിഴച്ചത്?

കൂതറHashimܓ said...

:)etab

മാണിക്യം said...

പൊന്നേമ്പാടം
ആദ്യമായിട്ട് ആണു വായിക്കുന്നത്
നല്ല ശൈലി !
ശാസ്ത്രീയത്തില്‍ വിശ്വസിച്ച് പണ്ടുളളവര്‍ പറഞ്ഞതെല്ലാം അസബന്ധം എന്നോ അല്ലങ്കില്‍ അന്ധവിശ്വാസമെന്നോ പറഞ്ഞു തള്ളാം എന്നാലും പഴംകഥകളില്‍ ആശ്വാസം കാണാന്‍ ഒരു ബാല്യം അവശേഷിക്കുന്നത് നന്ന്. അതൊരു സംസ്ക്കാരം ഒരു മനസമാധാനം ഒക്കെ ആയിരുന്നു..
എഴുതിരിയിട്ട നിലവിളക്കിന്റെ പ്രകാശവും നിയൊണ്‍‌വിളക്കിന്റെ പ്രകാശവും മനസ്സില്‍
പതിപ്പിക്കുന്ന ബിംബങ്ങള്‍ വിത്യസ്തമല്ലേ?
വെളിച്ചം പലവിധത്തിലും ജീവിതത്തില്‍ വന്നു വീഴും അമ്മമ്മയുടെ മാമന്റെ ഒക്കെ വാക്കുകള്‍ അത്തരം വെളിച്ചമാണ്.....

മാണിക്യക്കല്ലുമായി പറക്കുന്ന പാമ്പുകളുടെ കഥ
അടുത്ത തലമുറയ്ക്കും പകരാം ......

ബിജു ചന്ദ്രന്‍ said...

വ്യത്യസ്തമായ രചന.
പ്രായാധിക്യവും പ്രാരാബ്ധങ്ങളും യുക്തിവാദികളെ വല്യമ്മാമമാരായി പരിവര്‍ത്തനം ചെയ്യാറുണ്ടോ? ബ്ലോഗില്‍ തന്നെ അത്തരം ഒരാളെ കണ്ടിട്ടുണ്ട്. :-)
വാര്‍ദ്ധക്യത്തില്‍ മരണത്തെപ്പറ്റിയും ഒറ്റപ്പെടലിനെപ്പറ്റിയുമുള്ള ചിന്ത താരതമ്യേന കൂടുതലായിരിക്കും. എങ്കിലും നക്സലൈറ്റിന്റെ സായിബാബ ഭക്തനിലേക്കുള്ള പരിണാമം വളരെ വിചിത്രം തന്നെയാണ്...

ea jabbar said...

അത് പാമ്പ് മാണിക്യവുമായി പോകുന്നതല്ല്. പടച്ചോന്‍ ചെകുത്താനെ എറിയുന്നതാ !
-----

നക്ഷത്രങ്ങളും പിശാചുക്കളും.

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)


إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)


ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ


നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?


ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)

നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:

“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

Naushu said...

ആദ്യമായിട്ടാണ് ഇവിടെ വരുന്നത്....
എന്തായാലും, വ്യത്യസ്തമായ ശൈലി നന്നായിട്ടുണ്ട്...
എല്ലാവിധഭാവുകങ്ങളും

Rare Rose said...

എന്തായാലും ആ കഥകള്‍ക്കൊക്കെ ഒരു പ്രത്യേക നിഗൂഡ സൌന്ദര്യമുണ്ടായിരുന്നു അല്ലേ..
അന്നു മുന്‍പേ നടന്നവര്‍ ഇന്നു തിരിച്ചു നടക്കുമ്പോള്‍ എവിടെ പിഴച്ചു എന്ന ചോദ്യങ്ങള്‍ മാത്രം ബാക്കി.

അഭി said...

ആദ്യമായാണ് ഇവിടെ
നല്ല ഓര്‍മ്മകള്‍ ആണ് കുട്ടികാലത്തെ ...............
വല്യമ്മാവന് പിഴച്ചതാണോ , കുട്ടികാലത്ത് തെറ്റുകള്‍ തിരുത്തി തന്നയള്‍ക്ക് ഒരിക്കലും പിഴകില്ല , അനുഭവങ്ങള്‍ ആണ് മനുഷ്യന്റെ ഏറ്റവം വലിയ ഗുരു . സ്സിഎന്റിഫിക് ആയി എല്ലാം എക്ഷ്പ്ലൈന് ചെയാന്‍ പറ്റി എന്ന് വരില്ല
പിന്നെ എല്ലാം ഒരു വിശ്വാസം ! അതല്ലേ എല്ലാം

ഉണ്ണി said...

കൊള്ളാം നന്നായിട്ടുണ്ട്. വല്യമ്മാവൻ മാത്രമല്ല വല്യമ്മാവൻറെ കൂടെയൂള്ളവരിൽ അധികം പേരും വല്യമ്മാവനൊപ്പം നടക്കുന്ന ഇക്കാലത്ത്

sm sadique said...

എന്റെ ബ്ലൊഗിലെ വരികൾ മൻസ്സിനു ആശ്വാസം തന്നു . അത് കൊണ്ട് ഞാനിവിടെ ചേർന്നു. എങ്കിലും, “ഏതായാലും എല്ലാ കാര്യവും കേട്ടപാടേ വിശ്വസിക്കരുത്. അതിന്റെ സത്യാസത്യങ്ങള്‍ നമ്മള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തണം.'“

അതെ , അതാണു ഉത്തമം . പക്ഷെ , ഞാനൊരു അതിശക്ത്തനായ ഏകദൈവ വിശ്വാസിയാണ്. “ നമ്മുടെ മനസ്സാണ് ഉത്തരം” വിരലുകളും.

Shaji K P said...
This comment has been removed by the author.