ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞ താജ് മഹലും കുതൂബ് മിനാറും ചെങ്കോട്ടയുമെല്ലാം നേരില്‍ കാണണമെന്ന മോഹം പൂവണിഞ്ഞത് രണ്ടു വര്‍ഷം മുമ്പാണ്. ഗ്രാമീണ സന്നദ്ധസംഘടനകളുടെ അഖിലേന്ത്യാ കോ- ഓര്‍ഡിനേഷനായ C N R I യുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഇരുപതംഗ സംഘത്തോടൊപ്പം ഞങ്ങള്‍ ഡെല്‍ഹിക്ക് തിരിച്ചു. അടുത്ത സുഹൃത്തായി കൂടെയുള്ളത് റിജേഷ് മാഷ് മാത്രം. സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഡെല്‍ഹി കാണാനിറങ്ങി.
എനിക്കും മാഷിനും പുറമെ കൂടെയുള്ളത് ഷറഫുദ്ദീനും ജമാലും. ബസ്സുകളിലും ഡെല്‍ഹി മെട്രോ ട്രെയിനിലും സൈക്കിള്‍ റിക്ഷകളിലുമായി ഡെല്‍ഹിയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. വൃത്തിയും വെടിപ്പുമാക്കി വെച്ചിരിക്കുന്ന തലസ്ഥാന നഗരിയും അതിനു വിളിപ്പാടു മാത്രമകലെ വൃത്തിഹീനതയുടെ പര്യായമായ പഴയ ഡെല്‍ഹിയും ഞങ്ങള്‍ കണ്ടു. തിരക്കേറിയ മാര്‍ക്കറ്റുകളിലും ചരിത്രസ്മാരകങ്ങളിലും ഒപ്പം ഡെല്‍ഹി ജുമാ മസ്ജിദ് അടക്കമുള്ള മുസ്ലിം-ഹിന്ദു ആരാധനാലയങ്ങളിലും കയറിയിറങ്ങി. കരോള്‍ ബാഗ്, ചാന്ദ്നി ചൗക്- കേട്ടുമാത്രം പരിചയമുള്ള സ്ഥലങ്ങളിലെ തിരക്കുനുള്ളില്‍ ഞങ്ങള്‍ ഊളിയിട്ടു. സായന്തനത്തിന്റെ ചുവപ്പില്‍ ഇന്ത്യാ ഗേറ്റിന്റെ പ്രൗഡിയെ ഏറേ നേരം നോക്കിനിന്നു. റിജേഷ് മാഷ് ഒരു നല്ല മതവിശ്വാസിയാണ്. ഷറഫുദ്ദീന്‍ ജമാ അത്തുകാരനും ജമാല്‍ കുറെ ലിബറലായ മുസ്ലിമും. ഞാനൊഴികെ മൂന്നു പേരും അദ്ധ്യാപകര്‍.
ചിത്രത്തില്‍ മാത്രം ഇത്ര കാലം കണ്ട ചെങ്കോട്ടയുടെയും കുതൂബ് മിനാറിന്റെയും മുന്നില്‍ ഞങ്ങള്‍ വൈകാരികമായ മനസ്സുമായി നിന്നു. കുത്തൂബ് മിനാറിനു മുന്നില്‍ ഹണിമൂണിനായെത്തിയ ചൈനീസ് ദമ്പതികള്‍ക്കൊപ്പം ഫോട്ടൊക്ക് പോസ് ചെയ്തു. ഡെല്‍ഹി ജുമാമസ്ജിദിന്റെ ആകാശം മുട്ടുന്ന മിനാരത്തിനു മുകളില്‍ നിന്ന് അറ്റം കാണാത്ത ഡെല്‍ഹി നഗരം കടല്‍ പോലെ കാണപ്പെട്ടു. ഷാജഹാന്‍ ചക്രവര്‍ത്തി തടവില്‍ കഴിഞ്ഞ ആഗ്ര കോട്ടയില്‍ നിന്നു് താജ് മഹലിന്റെ വെണ്ണക്കല്‍ സൗന്ദര്യം കണ്‍കുളിര്‍ക്കെ കണ്ടു. ചുട്ടു പൊള്ളുന്ന വെയിലില്‍ താജിന്റെ മാര്‍ബിള്‍ തറയില്‍ വെറും കാലില്‍ തുള്ളി നടന്നു. ശ്രീകൃഷ്ണന്റെ മഥുരയും രാധയുടെ വൃന്ദാവനും കണ്ടു. ഓരോ മന്ദിറിനുള്ളില്‍ കടക്കുമ്പോളും റിജേഷ് മാഷ് കണ്ണടച്ച് കൈ കൂപ്പീ പ്രാര്‍ത്ഥനാ നിരതനായി. ഞങ്ങള്‍ മൂവരും അവയുടെ ഉള്ളും പുറവും നടന്നു കണ്ടു.
ഒരു മന്ദിറില്‍ കയറിയ ഉടനെ മാഷ് കണ്ണുമടച്ച് പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ നടന്ന് ശിലാഭംഗികള്‍ ആസ്വദിച്ചു. മാഷിന്റെ ഭക്തി കണ്ടിട്ടോ എന്തോ അവിടെ ഒരു പാത്രത്തില്‍ പൂക്കളും സിന്ദൂരവും മുന്നില്‍ വെച്ച് ഇരുന്നിരുന്ന ഒരു കാവി വസ്ത്രധാരി ഞങ്ങളെ കൈമാടി വിളിച്ചു. ആദ്യം ഓടി ചെന്നത് ജമാലാണ്. ജമാലിന്റെ കയ്യില്‍ പിടിച്ച കാവി വസ്ത്രധാരി ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചു. എന്നിട്ട് മുന്നിലുള്ള പാത്രത്തില്‍ നിന്ന് ഒരു ചുവന്ന ചരട് മുറിച്ചെടുത്ത് വലതുകയ്യിലൊരു കെട്ട്. ഒപ്പം പാത്രത്തിലെ സിന്ദൂരമെടുത്ത് ഒരു 'ബജ്രംഗദള്‍' മോഡല്‍ കുറിയും.
ഒരു വളിച്ച ചിരിയുമായി ജമാല്‍ നില്‍ക്കെ റിജേഷ് മാഷിനും എനിക്കും കിട്ടി ചരടുകെട്ടും സിന്ദൂരക്കുറിയും. അടുത്ത പ്രയോഗത്തിന് ഷറഫുദ്ദീനെ നോക്കിയെങ്കിലും കടുത്ത മത വിശ്വാസിയായ മൂപ്പര്‍ തടിയെടുത്തിരുന്നു.
എന്താണ് സര്‍, ഈ 'ചുട്ടാപ്പി' യാത്രയുടെ വിവരണം പറഞ്ഞ് സമയം മെനക്കെടുത്തുകയാണല്ലോ എന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ ചിന്തിച്ചത്? നമ്മള്‍ ഇതിനേക്കാള്‍ വലിയ യാത്രയൊക്കെ എത്ര ചെയ്തിരിക്കുന്നു; അല്ലേ? എന്നാല്‍ അതൊന്നുമല്ല കെട്ടോ പറായാനുദ്ദേശിച്ച കാര്യം. അമ്പല വിശ്വാസിയയ റിജേഷ് മാഷും വിശ്വാസിയല്ലാത്ത ഞാനും മുഴുവന്‍ മന്ദിറും കയറിയിറങ്ങി നടന്നിട്ടെന്തു കാര്യം? അവയുടെ ശില്പ ഭംഗിയും ചാതുര്യവും, അതു നിര്‍മ്മിച്ച അധ്വാനത്തിന്റെ മഹത്വവും ഞാനല്ലേ കണ്ടുള്ളു!! റിജേഷ് മാഷ് അപ്പോളെല്ലാം കണ്ണുമടച്ചായിരുന്നല്ലോ നില്പ്?
Tuesday, March 2, 2010
Subscribe to:
Posts (Atom)