ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Sunday, December 20, 2009

ലഗ്നത്തില്‍ പ്ലൂട്ടോയുടെ അപഹാരം.

"എന്നാലും ഇത് കൊറച്ച് കടുപ്പായീലോ ന്റെ ഭഗവതീ!"
ജ്യോല്‍സ്യന്‍ വിനോദ് കുമാര്‍ പണിക്കര്‍ M A തന്റെ രാശിപ്പലകയില്‍ നിന്നും കണ്ണുയര്‍ത്തി കസേരയിലേക്ക്‌ ഒന്നുകൂടി ചടഞ്ഞിരുന്നു. രണ്ടു വര്‍ഷത്തെ ഗവേഷണ ഫലമായി ഉണ്‍ടാക്കിയെടുത്ത ഗവേഷണ പ്രബന്ധമല്ലേ ഒറ്റയടിക്ക്‌ നിഷ്ഫലമായത്? ഈ ഇന്റര്‍നേഷണല്‍ അസ്റ്റ്റോണമിക്കല്‍ യൂണിയന്‍കാര്‍ക്ക് ഈ കൊലച്ചതി ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
"ഇനി ഞാന്‍ എന്ത് ചെയ്യും എന്റെ ഭഗവതീ?"

അച്ഛന്റെ വഴി തെരഞ്ഞെടുത്ത് ഒരു ജ്യൊത്സ്യനാകണമെന്ന് വിനോദ് കുമാര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അല്‍പ്പം ഭൂതം ഭാവി വര്‍ത്തമാന പ്രവചനവും ജതകമെഴുത്തും വിവാഹപ്പൊരുത്തം നോക്കലുമായി നടന്നിരുന്ന പുരുഷോത്തമന്‍ പണിക്കര്‍ക്ക് മകനെ തന്റെ പിന്‍ഗാമിയാക്കാന്‍ ഒട്ടും താല്പര്യവുമില്ലായിരുന്നു. മകനെ പഠിപ്പിച്ച് ഒരു വലിയ ഉദ്ധ്യോഗസ്ത്ഥനാക്കാനാണ്‌ പണിക്കര്‍ ആഗ്രഹിച്ചത്.കഷ്ടപ്പെട്ടിട്ടാണെങ്കിലും എം എ വരെ പഠിപ്പിക്കുകയും ചെയ്തു. ഒരു നല്ല ജോലിക്കായി നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്താതെ വന്നപ്പോളാണ്‌ അച്ഛന്റെ മരണശേഷം വിനോദ് കുമാര്‍ തട്ടിന്‍പുറത്തുനിന്നും കവടിസഞ്ചി പൊടിതട്ടിയെടുത്തത്. ടൗണില്‍ ഒരു റൂം വാടകക്കെടുത്ത് ജ്യോല്‍സ്യന്‍ വിനോദ് കുമാര്‍ പണിക്കര്‍ എന്ന ബോര്‍ഡും വെച്ച് പ്രാക്റ്റീസും തുടങ്ങി. പക്ഷേ കമ്പ്യൂട്ടര്‍ ജ്യോല്‍സ്യം, കമ്പ്യൂട്ടര്‍ ജാതകം തുടങ്ങീയ ആധുനിക ജ്യോതിഷ വിധികള്‍ക്കുമുന്നില്‍ പച്ചപിടിക്കാന്‍ കഴിഞ്ഞില്ല. പോരാത്തതിന്‌ വിനോദ് കുമാര്‍ പണിക്കര്‍ എന്ന പേരിന്‌ ഒരു തറവാടിത്തവും പോര എന്നൊരു തോന്നല്‍. അങ്ങനെയാണ്‌ വിനോദ് കുമാര്‍ പണിക്കര്‍ എന്ന പേരിനുകൂടെ തന്റെ ഡിഗ്രിയായ 'എം എ' കൂടി ചേര്‍ത്ത് ഒരു പുതിയ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
അല്ലെങ്കിലും ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ മാത്രമല്ല, അമ്പലത്തിലെ പൂജാരിമാരും അഖണ്ഡനാമ യജ്ഞക്കാര്‍ വരെ പേരിനുകൂടെ ഡിഗ്രി കൂടി ചേര്‍ക്കുന്നുണ്ട്. 'യജ്ഞാചാര്യന്‍ ഗോപാലകൃഷ്ണന്‍ എം എ, എം ഫില്‍' എന്നൊക്കെ പറഞ്ഞുകേള്‍ക്കാന്‍ തന്നെ എന്തൊരു ചേലാണ്‌. ഇതുകൂടാതെ ജ്യോതിഷാലയത്തിന്‌ ഒരുഗ്രന്‍ പേരും കണ്ടെത്തി വിനോദ് കുമാര്‍. ' നവഗ്രഹ അസ്ട്രോളജിക്കല്‍ റിസേര്‍ച്ച് സെന്റര്‍'.

ടൗണിലെ ഹോമിയോ ഡോക്ടര്‍ ശ്രീശാന്ത് ജി മേനോന്‍ തന്റെ ഹോമിയോ ആശുപത്രിക്ക്‌ നല്‍കിയ പേരാണ്‌ ഇതിന്‌ പ്രചോദനമായത്. 'K M ഹോമിയോ ഹൊസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍.' ഡോ. സാമുവല്‍ ഹാനിമാനുശേഷം കാര്യമായ റിസര്‍ച്ചൊന്നും നടന്നിട്ടില്ലെങ്കിലും ഹോമിയോ റിസര്‍ച്ച് സെന്റര്‍ എന്ന പേര്‌ ക്ലച്ചുപിടിച്ചു. ആശുപത്രിയിലെത്തുന്ന രോഗികളുടെ രോഗവിവരങ്ങള്‍ എന്റര്‍ ചെയ്തു സൂക്ഷിക്കാന്‍ ഒരു കമ്പ്യൂട്ടറും വെച്ചു. ഇതോടെ മുപ്പതുരൂപയ്ക്കു മരുന്നു വാങ്ങിയിരുന്ന രോഗി മുന്നൂറും അഞ്ഞൂറും രൂപ കൊടുക്കേണ്ടി വന്നു. എന്നാലെന്താ, പരിസരപ്രദേശങ്ങളില്‍ ഇരുപതും മുപ്പതും രൂപയ്ക്കു മരുന്നു വങ്ങിയിരുന്ന രോഗികള്‍ അങ്ങോട്ടൊഴുകി. റിസര്‍ച്ച് സെന്ററില്‍നിന്നുള്ള മരുന്നായതിനാല്‍ അത്രയും പണം കൊടുക്കാന്‍ ആര്‍ക്കും ഒരു പഞ്ഞവും തോന്നിയുമില്ല. മറ്റു അണ്‍ക്വാളിഫൈഡ് ഹോമിയോക്കാരെ മാത്രമല്ല, ആയുര്‍വേദക്കാരെയും അലവലാതി അലോപ്പതിക്കാരെയും വരെ ഡോക്റ്റര്‍ക്ക്‌ പരമ പുച്ഛവുമാണ്‌.

നവഗ്രഹ അസ്റ്റ്രോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ സാമാന്യം നല്ല പ്രാക്റ്റീസും വരുമാനവുമായി വരുന്ന സമയത്താണ്‌ വിനോദ് കുമാറിന്‌ പുതിയൊരു പൂതി മുളച്ചത്. പല വിധ ആകര്‍ഷണ യന്ത്രങ്ങളും വികര്‍ഷണ യന്ത്രങ്ങളും, സന്താന സൗഭാഗ്യ യന്ത്രങ്ങളും, ധനാഘര്‍ഷണ യന്ത്രങ്ങലും വിറ്റ് കോടീശ്വരനായ ഡോ. ചേറ്റുകാല്‍ ഗോപാലകൃഷ്ണനെപ്പോലെ പേരിനുമുന്നില്‍ ഒരു ഡോ. കൂടിയുണ്ടെങ്കില്‍ ബിസിനസ് മെച്ചപ്പെടുത്താമായിരുന്നു. പുതിയ ജ്യോതിഷ സര്‍വ്വകലാശാലയില്‍നിന്ന് ജ്യോതിഷത്തില്‍ ഒരു ഡോക്റ്ററേറ്റ് കിട്ടാന്‍ എളുപ്പവുമാണ്‌. അങ്ങനെ വിനോദ് കുമാര്‍ ജ്യോതിഷത്തില്‍ പുതിയ ഗവേഷണങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.
ആധികാരിക ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും വലിയ ഗ്രാഹ്യമില്ലെങ്കിലും കസ്റ്റമേഴ്സിനെ കയ്യിലെടുക്കാന്‍ വേണ്ട അത്യാവശ്യ കാര്യങ്ങളൊക്കെ ഇതിനകം വശമാക്കിയിട്ടുണ്ട്. പക്ഷേ ഗവേഷണമാകുമ്പോള്‍ അതു മാത്രം മതിയാകില്ലല്ലോ. അതുകൊണ്ടാണ്‌ പാപ്പുട്ടി മാഷുടെ 'ജ്യോല്‍സ്യം ശസ്ത്രീയമോ' എന്ന പ്രഭാഷണം ടൗണ്‍ ഹാളിലുണ്ടെന്നു കേട്ടപ്പോള്‍ അതുമൊന്നു കേട്ടുകളയാമെന്നുവെച്ചത്. യുക്തിവാദികളോട് അധികം സംസാരിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞുപോവുകയാണ്‌ പതിവെങ്കിലും ഒരു ഗവേഷണ പ്രബന്ധത്തിന്റെ കാര്യമാകുമ്പോള്‍ അതു പറ്റില്ലാല്ലോ.

മാഷ് പറഞ്ഞ കാര്യങ്ങള്‍ വളരെ കുഴപ്പം പിടിച്ചതുതന്നെയായിരുന്നു. ഇത്തരമൊരു പോരായ്മ ജ്യോതിഷത്തിനുണ്ടെന്ന്‌ ഇന്നുവരെ തോന്നിയില്ലല്ലോ! ജ്യോതിശ്ശാസ്ത്രം ഭൂകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും സൗരകേന്ദ്ര സിദ്ധാന്തത്തിലേക്കും, സൗരകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും ക്ഷീരപഥങ്ങളിലേക്കും സൂപ്പര്‍ ഗാലക്സികളിലേക്കും അതിനുമപ്പുറത്തേക്കും വികസിച്ചപ്പോള്‍ ഫലജ്യോതിഷം ഭൂകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും ദേവ സങ്കല്പ്പങ്ങളില്‍നിന്നും മുന്നോട്ടു പോയില്ല. ശാസ്ത്രത്തിലെ നവഗ്രഹങ്ങള്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ പ്ലൂട്ടോ എന്നിവയാണെങ്കില്‍ ജ്യോതിഷിയുടെ നവഗ്രഹങ്ങള്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ്‌. ഇവയില്‍ സൂര്യന്‍ നക്ഷത്രവും ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹവുമാണ്‌. രാഹുവും കേതുവും സങ്കല്പ്പിക ബിന്ദുക്കള്‍ മാത്രവും.ഈ തെറ്റായ വിവരങ്ങളില്‍ തുടങ്ങുന്ന ജ്യോതിഷം ഒരിക്കലും ശരിയാവുകയില്ലെന്ന് മാഷ് പറഞ്ഞപ്പോള്‍ തൊലി ഉരിയുന്നതുപോലെ തോന്നി.

ജ്യോതിഷത്തില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ നടക്കാത്തതാണ്‌ ഈ പ്രതിസന്ധിക്കു കാരണമെന്ന്‌ വിനോദ് കുമാര്‍ എം എ കണ്ടെത്തി. ഖുര്‍ ആര്‍, ബൈബിള്‍, ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക്‌ ശാസ്ത്രീയവും കാലോചിതവുമായ വിശദീകരണം നല്‍കാന്‍ ചില സംഘടനക്കാര്‍ ഗവേഷണം നടത്തിവരുന്നതായും കേട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം പരീക്ഷണ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തിയാണ്‌ വനോദ് കുമാര്‍ തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തീകരിച്ചത്.

തന്റെ സിദ്ധാന്തത്തിലൂടെ അദ്ദേഹം സൂര്യന്‍, ചന്ദ്രന്‍, രാഹു, കേതു എന്നിവയെ രാശിപ്പലകയില്‍നിന്നും നീക്കം ചെയ്തു. പകരം യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയെയും കേന്ദ്ര സ്ഥാനത്തിരുന്ന ഭൂമിയെയും ഗ്രഹപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സൂര്യനെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചു. സൗരയൂഥത്തിനു പുറത്തുള്ള ഗോളങ്ങള്‍ക്ക് ജനന സമയം നോക്കി ഹിന്ദുക്കളുടെ ഭാവിയെ ബാധിക്കാന്‍ മാത്രം ശക്തിയില്ലാത്തതിനാല്‍ അവയെ അവഗണിക്കാവുന്നതാണെന്ന പുതിയ സിദ്ധാന്തവും രൂപപ്പെടുത്തി.

ജാതകപ്പൊരുത്തം നോക്കി വിവാഹമുറപ്പിക്കാന്‍ വന്ന ചില കേസുകളില്‍ 'ലഗ്നത്തില്‍പ്ലൂട്ടോയുടെ അപഹാര'മുണ്ടെന്നും, 'യുറാനസ് ദോഷ'മുണ്ടെന്നും പറഞ്ഞ് വിവാഹം മുടക്കി നോക്കിയപ്പോള്‍ കസ്റ്റമേഴ്സിന്‌ അവിശ്വാസമൊന്നും തോന്നായ്കയാല്‍ തന്റെ പുതിയ സിദ്ധാന്തത്തില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു.പ്ലൂട്ടോയുടെയല്ല, ലഗ്നത്തില്‍ സിറിയസിന്റെ അപഹാരമുണ്ടെന്നു പറഞ്ഞാലും ജ്യോതിഷ വിശ്വാസികള്‍ കണ്ണുമടച്ച് വിശ്വസിക്കുമല്ലോ!!

ഇങ്ങനെ കഷ്ടപ്പെട്ടു, ബുദ്ധിമുട്ടി തയ്യാറാക്കിയ ഗവേഷണ പ്രബന്ധമല്ലേ ഈ അസ്റ്റ്റോണമിക്കല്‍ യൂണിയന്‍കാരുടെ ഒരൊറ്റ തീരുമാനം കൊണ്ട് കാലഹരണപ്പെട്ട് പോയിരിക്കുന്നത്!! പിണ്ഡക്കുറവും, ഗുരുത്വമില്ലായ്മയും, ദുര്‍നടപ്പും മൂലം അവര്‍ പ്ലൂട്ടോയെ ഗ്രഹപ്പട്ടികയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.

"എന്റെ ഭഗവതീ, പുറാത്താക്കപ്പെട്ട പ്ലൂട്ടോയുമായി ഇനി ഞാനെന്റെ ഗവേഷണ പ്രബന്ധം എങ്ങനെ സമര്‍പ്പിക്കും? വല്ല പരിഹാരവുമുണ്ടൊ എന്ന് കവടിനിരത്തി നോക്കുകതന്നെ."

Friday, November 6, 2009

ഒരു പ്രേതബാധയുടെ ഓര്‍മ്മ

സംഭവം നടന്നത് ഏതാണ്ട് ഇരുപത്തഞ്ച് കൊല്ലം മുമ്പാണ്‌. ഒരു നവംബര്‍ മാസ സായാഹ്നം. നേരം ഇരുട്ടിവരുന്നതേയുള്ളു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ സ്കൂള്‍ വിട്ടുവന്നശേഷം നിരത്തുവക്കത്തിരുന്ന് സൊറ പറയുകയാണ്‌. പെട്ടെന്നാണ്‌ ഒരു കൂകിവിളി കേട്ടത്. കൂകിവിളിയെന്നുപറഞ്ഞാല്‍ ഒരു പ്രത്യേകതരം കൂവലാണ്‌. അത് സാധാരണ പതിവില്ലാത്തതിനാല്‍ ഞങ്ങള്‍ കാതോര്‍ത്തു.വീണ്ടും വന്നു കൂവല്‍; ഒരു സ്ത്രീയുടെ ശബ്ദമാണ്‌.

ഞങ്ങള്‍ ഉടനെ ശബ്ദം കേട്ട ദിക്കിലേക്കോടി. ഞങ്ങള്‍ മാത്രമല്ല 'പൊറ്റയിലങ്ങാടി'യിലുണ്ടായിരുന്നവരും അടുത്ത വീട്ടുകാരും എല്ലാം ഓട്ടമാണ്‍്‌. ഓടിക്കിതച്ച് സംഭവസ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നതാണ്‌. മുടിയൊക്കെ അഴിച്ചിട്ട് ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയിലിരുന്ന് അട്ടഹസിക്കുന്നു. അവ്യക്തമായി പറയുന്നതിനിടയില്‍ കൂകിവിളിയുമുണ്ട്. മുന്നില്‍ തൊഴുകയ്യുമായി ഓച്ഛാനിച്ച് അയല്‍വാസിയായ നാരായണന്‍ നില്പുണ്ട്. ഭാസകരപട്ടേലരുടെ മുന്നില്‍ തൊമ്മിയെപ്പോലെ വിധേയനായുള്ള ആ നില്പ്പു കണ്ടപ്പോള്‍ എനിക്ക്‌ ചിരിക്കണൊ കരയണോ എന്ന്‌ ധര്‍മസങ്കടമായി.ഇളകിയാടുന്ന പെണ്‍കുട്ടിയുടെ അമ്മ ഒരു മൂലയ്ക്ക് മാറിനില്പ്പുണ്ട്. അടുത്ത് ആകാംക്ഷാഭരിതരായി അയല്‍ക്കാരായ സ്ത്രീകളും.

പെട്ടെന്ന് ഇളകിയാടുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ നാരായണന്‍ ഒന്നുകൂടി കുമ്പിട്ടുകൊണ്ട് അല്പം ഭയത്തോടെ പറഞ്ഞു.
' കണാരേട്ടാ ഇത്‌ ഞാനാ, അങ്ങേലെ നാരാണന്‍.'

മുടിയൊന്നുകൂടിഇളക്കിയാട്ടി പെണ്‍കുട്ടി പരുഷമായ ശബ്ദത്തില്‍ ആക്രോശിച്ചു:

'ഏത് നാരാണന്‍?'

'കണാരേട്ടാ ഇങ്ങക്ക് ഇന്ന ഓര്‍മല്യേ? ഞാന്‍ അങ്ങേലെ നാരാണനാണ്‌. ചന്ത്വേട്ടന്റെ മോന്‍'

നാരാണനെ ഐഡറ്റിഫൈ ചെയ്യാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെച്ച് പെണ്‍കുട്ടിയുടെ അടുത്ത ഉരിയാടല്‍ വന്നു:
'റാക്ക്'

എന്ത്?
'റാക്ക്‌'* സംശയനിവൃത്തിക്കായി ഒന്നുകൂടെ ഉറക്കെതന്നെ വ്യക്തമാക്കി.

മരിച്ചുപോയെ കാരണവര്‍ക്ക് റാക്ക് വേണം. കാര്യം മനസ്സിലായ നാരായണന്‍ ഒറ്റ ഓട്ടം.
'ഇപ്പ കൊണ്ടരാം'

പെട്ടെന്നാണ്‌ ഒരു മൂലക്ക് നിന്നിരുന്ന കുട്ടിയുടെ അമ്മ വിങ്ങിക്കരയാന്‍ തുടങ്ങിയത്. വിഷമിക്കേണ്ടെന്ന് സമാധാനിപ്പിച്ച അടുത്ത വീട്ടിലെ പെണ്ണുങ്ങളോട് അവര്‍ കാര്യം പറഞ്ഞു.

'ഓല്‌ വന്നിട്ട് ഇന്നക്കണ്ട ഭാവം കൂടി കാട്ടീലല്ലോ?'

പെണ്‍കുട്ടിയുടെ അവസ്ഥയിലല്ല അവരുടെ സങ്കടം. കാലങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ കെട്ട്യോന്‍ വന്നിട്ട് തന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ലല്ലോ എന്ന പരിഭവമാണ്‌.

കൂട്ടം കൂടിനിന്ന ആളുകളെ വകഞ്ഞുമാറ്റി റാക്കിനുപോയ നാരായണന്‍ കിതച്ചെത്തി.
റാക്ക് കിട്ടിയില്ല പകരം പട്ടാളത്തില്‍ നിന്ന് വന്ന മോഹനന്റെ കയ്യീന്ന് ലേശം 'മറ്റവന്‍' കിട്ടി. വിദേശമാണ്‌. എന്നാലും വേണ്ടില്ല, കാരണവരെ പിണക്കരുതല്ലോ.

നാടന്‍ പട്ടയടിച്ച് കരളുകാഞ്ഞു മരിച്ചപോയ കാരണവര്‍ മരിക്കുന്നതുവരെ കണികണ്ടിട്ടില്ലാത്ത വിദേശമദ്യം ഒരു ഗ്ലാസിലൊഴിച്ച് വെള്ളവും ചേര്‍ത്ത് നാരാണന്‍ പെണ്‍കുട്ടിക്കുനേരെ നീട്ടി.
ഒറ്റവലി. ഗ്ലാസ്സ് കാലി.
കുറച്ച് നേരം കൂടി പരാക്രമം കാട്ടിയ ശേഷം ബാധയടങ്ങി. ഇപ്പം മിണ്ടാട്ടമില്ല. പെണ്ണ് കുഴഞ്ഞുകിടപ്പാണ്‌. ഓടിക്കൂടിയ നാട്ടുകാരെല്ലാവരും പിരിഞ്ഞുകൊണ്ടിരുന്നു. കാരണവര്‍ക്ക് മദ്യം നല്‍കി സന്തോഷിപിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നമ്മുടെ നാരാണനും.

*റാക്ക്= നാടന്‍ ചാരായം