ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Saturday, October 2, 2010

നാട്ടുവെളിച്ചമായി ഒരു ഗ്രാമീണ സന്നദ്ധ സംഘടന.

     ഇത് പൊന്നേമ്പാടം കലാസമിതി. മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചാലിയാറിന്റെ ഓളങ്ങളെ തഴുകിക്കിടക്കുന്ന പൊന്നേമ്പാടം എന്ന ഗ്രാമത്തിന്റെ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ സുപ്രധാനമായൊരിടം നേടിക്കഴിഞ്ഞ സന്നദ്ധ സംഘടന.

കലാസമിതി ഓഫീസ്
     കേരളത്തിലെ കലാസമിതി പ്രസ്ഥാനത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ ഒടുവിലെ ദശകമായ എണ്‍പതുകളുടെ മധ്യത്തില്‍ ഒരു സായന്തനത്തില്‍ ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപം നല്‍കി, തങ്ങളുടെ വിയര്‍പ്പും ജീവിതം തന്നെയും സമര്‍പ്പിച്ച് നട്ടുവളര്‍ത്തിയെടുത്ത ഗ്രാമചൈതന്യം. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഈ ഗ്രാമത്തിന്റെകൂടി ചരിത്രമായി മാറുന്നത് ഇത്തരത്തിലാണ്‌.

പൊന്നേമ്പാടം ഗ്രാമം
     കലയെയും നാടകത്തെയും ഒരു സംസ്കാരമായി ഏറ്റുവാങ്ങിയ ഗ്രാമീണമനസ്സുകള്‍ക്ക് കുളിരായി ആദ്യത്തെ ഒരു ദശകക്കാലം സമിതിയുടെ പ്രവര്‍ത്തനങ്ങള്‍. വൈകുന്നേരങ്ങളിലെ അലസഗമനങ്ങള്‍ക്ക് വിട നല്‍കി അവര്‍ വീട്ടുമുറ്റങ്ങളില്‍ ഒത്തുകൂടി. നാടകപരിശീലനങ്ങളും നൃത്തപരിശീലനങ്ങളുമായി ഗ്രാമീണ സായാഹ്നങ്ങള്‍ സജീവമയി. കൊയ്ത്തുകഴിഞ്ഞ വയലുളില്‍ കെട്ടിയുയര്‍ത്തിയ വേദികളില്‍ നാടകങ്ങള്‍ അരങ്ങു നിറഞ്ഞു.
മഴവെള്ള സംഭരണി നിര്‍മാണം
     കലാ പ്രവര്‍ത്തനങ്ങള്‍‍ക്കൊപ്പം പ്രഥമ കര്‍ത്തവ്യമായി ഏറ്റെടുത്തത് ഗ്രാമത്തിന്റെ വികസനവഴികള്‍. നാട്ടുവഴികള്‍ അവരുടെ കൂട്ടായ്മയില്‍ റോഡുകളായി രൂപപ്പെട്ടു. ശ്രമദാനപ്രവര്‍ത്തനങ്ങള്‍ ഹരമായി മാറിയപ്പോള്‍ ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കപ്പെട്ടു. ലക്ഷ്യബോധവും കൂട്ടായ്മയുമുള്ള ഒരു യുവസമൂഹത്തിന്‌ നാടിന്റെ ഹൃദയസ്പന്ദനമായി മാറാനാകുമെന്ന് അവര്‍ തെളിയിച്ചു.

     സ്വന്തമായി വാങ്ങിയ ഒരു തുണ്ട് ഭൂമിയില്‍ അധ്വാനവും ആത്മസമര്‍പ്പനവുമായപ്പോള്‍ ഒരു ആസ്ഥനമന്ദിരം ഉയര്‍ന്നുവന്നു. തുടര്‍ന്ന് നിര്‍ധനകുടുംബത്തിന്‌ വീട്, അങ്കണവാടിക്ക് കെട്ടിടം, നിരവധി റോഡുകള്‍, നടപ്പാതകള്‍ എല്ലാം ഈ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായി.
ശിശു കലോല്‍സവ വേദി

സാംസ്കാരിക ഘോഷയാത്ര
ഗവണ്മെന്റ് ഏജന്‍സികളായ നെഹ്രു യുവ കേന്ദ്ര, സാമൂഹ്യ ക്ഷേമ ബോര്‍ഡ്, യുവജന ക്ഷേമ ബോര്‍ഡ്, CAPART തുടങ്ങിയവയുടെ സഹായത്തോടെ നിരവധി ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് വന്നത് അവസാനത്തെ ഒരു പതിറ്റാണ്ടിനിടയില്‍. 56 കര്‍ഷകര്‍ക്ക് മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തിനാവശ്യമായ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കി. മണ്ണിര കമ്പോസ്റ്റ് എന്ന ഉത്തമ ജൈവവളത്തെ കര്‍ഷകരില്‍ എത്തിക്കുകയെന്ന നേട്ടമാണ്‌ ഈ പദ്ധതിയിലൂടെ ലഭ്യമായത്. ശുദ്ധമായ കുടിവള്ളത്തിന്‌ മഴക്കാലത്തുപോലും ക്ഷാമമനുഭവിക്കുന്ന 125 വീടുകളില്‍ മഴവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മിച്ചുനല്‍കി. അതുവഴി ജലക്ഷാമത്തിന്‌ ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചു.

വഴിവെട്ടുന്നവര്‍
മഴവെള്ള സംഭരണി
     ശിശു സംരക്ഷണവും പ്രീ പ്രൈമറി വിദ്യാഭ്യാസവും നടത്തന്ന ഒരു ക്രഷ് യൂണിറ്റ് സംഘടനയ്ക്കുകീഴിലുണ്ട്. ഇവിടെ മുപ്പതോളം കുട്ടികള്‍ പഠിക്കുന്നു. ഭക്ഷണവും സൗജന്യമായി നല്‍കുന്നു. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കല്‍, രക്തദാനം, കായിക പരിശീലനം, വായനശാല, കലാ സംസ്കാരിക പ്രവര്‍ത്തനം, വനിതകള്‍ക്കുവേണ്ടിയുള്ള വിവിധ തൊഴില്‍ പരിശീലങ്ങള്‍, ഡ്രൈവിങ് പരിശീലനം, മൈക്രൊ ഇന്‍ഷൂറന്‍സ്, പരിസ്ഥിതി പ്രവര്‍ത്തങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്യാമ്പുകള്‍, പുകയില്ലാത്ത അടുപ്പിന്റെ വ്യാപനം, തുടങ്ങി വൈവിധ്യമായ മേഖലകളില്‍ ഈ സംഘടനയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നു.
വഴിവെട്ടുന്നവര്‍

     സംഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തുക്കുന്ന ഇരുപത് സ്വാശ്രയ സംഘങ്ങളില്‍ വനിതകളടക്കം നാനൂറോളം അംഗങ്ങളുണ്ട്.

കായിക രംഗം
നാട്ടിന്‍ പുറങ്ങളിലെ യൂത്ത് ക്ലബുകള്‍ പലപ്പോഴും വിടരും മുമ്പേ കൊഴിഞ്ഞു വീഴുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍‍ക്ക് പ്രാമുഖ്യം നല്‍കുന്നപല സംഘടനകളും നാട്ടിന്‍ പുറങ്ങളില്‍ ഇന്നുമുണ്ടെങ്കിലും പലതും പരിമിതമായ മേഖലകളില്‍ ഒതുങ്ങി കൂടുന്നു. പല സംഘടനകളും സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്‌ വഴിപ്പെടുന്നു. സന്നദ്ധ പ്രവര്‍ത്തനം ഒരു പ്രൊഫഷനായി മാറുകയും നിസ്വാര്‍ത്ഥ സേവനം ഒരു മരീചികയായി മാറുകയും ചെയ്യുന്ന പുതിയകാലത്ത്‌ അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രതിഫലേച്ഛയില്ലാതെ ഗ്രാമത്തിന്‌ വെളിച്ചമായി മാറാന്‍ ഈ കലാസമിതിക്ക് കഴിഞ്ഞിരിക്കുന്നു.

     നേത്രദാനം, ശരീരദാനം തുടങ്ങിയ മേഖലകളിലേക്ക് നീങ്ങാനാണ്‌ അടുത്ത പടിയായി ഉദ്ദേശിക്കുന്നത്. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഒരു ചെറു പ്രചോദനമെങ്കിലുമാകാന്‍ ഇത് വായിക്കുന്നവരിലൂടെ കഴിയട്ടെ എന്ന ഉദ്ദേശത്തോടെയാണ്‌ പൊന്നേമ്പാടം കലാസമിതിയെ ഇവിടെ പരിചയപ്പെടുത്തുന്നത്; പണക്കൊഴുപ്പില്‍ കഴിയുന്ന ലയണ്‍സ് ക്ലബുകള്‍ക്കും റോട്ടറി ക്ലബുകള്‍ക്കുമിടയില്‍ ഈ നാട്ടുവെളിച്ചം എത്രമാത്രം ചെറുതാണെന്നറിഞ്ഞുകൊണ്ടുതന്നെ.