ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Tuesday, March 2, 2010

കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ?

ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞ താജ് മഹലും കുതൂബ് മിനാറും ചെങ്കോട്ടയുമെല്ലാം നേരില്‍ കാണണമെന്ന മോഹം പൂവണിഞ്ഞത് രണ്ടു വര്‍ഷം മുമ്പാണ്‌. ഗ്രാമീണ സന്നദ്ധസംഘടനകളുടെ അഖിലേന്ത്യാ കോ- ഓര്‍ഡിനേഷനായ C N R I യുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഇരുപതംഗ സംഘത്തോടൊപ്പം ഞങ്ങള്‍ ഡെല്‍ഹിക്ക്‌ തിരിച്ചു. അടുത്ത സുഹൃത്തായി കൂടെയുള്ളത് റിജേഷ് മാഷ് മാത്രം. സമ്മേളനത്തിനുശേഷം ഞങ്ങള്‍ ഡെല്‍ഹി കാണാനിറങ്ങി.

എനിക്കും മാഷിനും പുറമെ കൂടെയുള്ളത് ഷറഫുദ്ദീനും ജമാലും. ബസ്സുകളിലും ഡെല്‍ഹി മെട്രോ ട്രെയിനിലും സൈക്കിള്‍ റിക്ഷകളിലുമായി ഡെല്‍ഹിയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. വൃത്തിയും വെടിപ്പുമാക്കി വെച്ചിരിക്കുന്ന തലസ്ഥാന നഗരിയും അതിനു വിളിപ്പാടു മാത്രമകലെ വൃത്തിഹീനതയുടെ പര്യായമായ പഴയ ഡെല്‍ഹിയും ഞങ്ങള്‍ കണ്ടു. തിരക്കേറിയ മാര്‍ക്കറ്റുകളിലും ചരിത്രസ്മാരകങ്ങളിലും ഒപ്പം ഡെല്‍ഹി ജുമാ മസ്ജിദ് അടക്കമുള്ള മുസ്ലിം-ഹിന്ദു ആരാധനാലയങ്ങളിലും കയറിയിറങ്ങി. കരോള്‍ ബാഗ്, ചാന്ദ്നി ചൗക്- കേട്ടുമാത്രം പരിചയമുള്ള സ്ഥലങ്ങളിലെ തിരക്കുനു‍ള്ളില്‍ ഞങ്ങള്‍ ഊളിയിട്ടു. സായന്തനത്തിന്റെ ചുവപ്പില്‍ ഇന്ത്യാ ഗേറ്റിന്റെ പ്രൗഡിയെ ഏറേ നേരം നോക്കിനിന്നു. റിജേഷ് മാഷ് ഒരു നല്ല മതവിശ്വാസിയാണ്‌. ഷറഫുദ്ദീന്‍ ജമാ അത്തുകാരനും ജമാല്‍ കുറെ ലിബറലായ മുസ്ലിമും. ഞാനൊഴികെ മൂന്നു പേരും അദ്ധ്യാപകര്‍.

ചിത്രത്തില്‍ മാത്രം ഇത്ര കാലം കണ്ട ചെങ്കോട്ടയുടെയും കുതൂബ് മിനാറിന്റെയും മുന്നില്‍ ഞങ്ങള്‍ വൈകാരികമായ മനസ്സുമായി നിന്നു. കുത്തൂബ് മിനാറിനു മുന്നില്‍ ഹണിമൂണിനായെത്തിയ ചൈനീസ് ദമ്പതികള്‍ക്കൊപ്പം ഫോട്ടൊക്ക് പോസ് ചെയ്തു. ഡെല്‍ഹി ജുമാമസ്ജിദിന്റെ ആകാശം മുട്ടുന്ന മിനാരത്തിനു മുകളില്‍ നിന്ന് അറ്റം കാണാത്ത ഡെല്‍ഹി നഗരം കടല്‍ പോലെ കാണപ്പെട്ടു. ഷാജഹാന്‍ ചക്രവര്‍ത്തി തടവില്‍ കഴിഞ്ഞ ആഗ്ര കോട്ടയില്‍ നിന്നു്‌ താജ് മഹലിന്റെ വെണ്ണക്കല്‍ സൗന്ദര്യം കണ്‍കുളിര്‍ക്കെ കണ്ടു. ചുട്ടു പൊള്ളുന്ന വെയിലില്‍ താജിന്റെ മാര്‍ബിള്‍ തറയില്‍ വെറും കാലില്‍ തുള്ളി നടന്നു. ശ്രീകൃഷ്ണന്റെ മഥുരയും രാധയുടെ വൃന്ദാവനും കണ്ടു. ഓരോ മന്ദിറിനുള്ളില്‍ കടക്കുമ്പോളും റിജേഷ് മാഷ് കണ്ണടച്ച്‌ കൈ കൂപ്പീ പ്രാര്‍ത്ഥനാ നിരതനായി. ഞങ്ങള്‍ മൂവരും അവയുടെ ഉള്ളും പുറവും നടന്നു കണ്ടു.

ഒരു മന്ദിറില്‍ കയറിയ ഉടനെ മാഷ് കണ്ണുമടച്ച് പ്രാര്‍ത്ഥന തുടങ്ങി. ഞങ്ങള്‍ നടന്ന് ശിലാഭംഗികള്‍ ആസ്വദിച്ചു. മാഷിന്റെ ഭക്തി കണ്ടിട്ടോ എന്തോ അവിടെ ഒരു പാത്രത്തില്‍ പൂക്കളും സിന്ദൂരവും മുന്നില്‍ വെച്ച് ഇരുന്നിരുന്ന ഒരു കാവി വസ്ത്രധാരി ഞങ്ങളെ കൈമാടി വിളിച്ചു. ആദ്യം ഓടി ചെന്നത്‌ ജമാലാണ്‌. ജമാലിന്റെ കയ്യില്‍ പിടിച്ച കാവി വസ്ത്രധാരി ഒരു നിമിഷം കണ്ണടച്ച് ധ്യാനിച്ചു. എന്നിട്ട്‌ മുന്നിലുള്ള പാത്രത്തില്‍ നിന്ന്‌ ഒരു ചുവന്ന ചരട് മുറിച്ചെടുത്ത് വലതുകയ്യിലൊരു കെട്ട്. ഒപ്പം പാത്രത്തിലെ സിന്ദൂരമെടുത്ത്‌ ഒരു 'ബജ്രംഗദള്‍' മോഡല്‍ കുറിയും.

ഒരു വളിച്ച ചിരിയുമായി ജമാല്‍ നില്‍ക്കെ റിജേഷ് മാഷിനും എനിക്കും കിട്ടി ചരടുകെട്ടും സിന്ദൂരക്കുറിയും. അടുത്ത പ്രയോഗത്തിന്‌ ഷറഫുദ്ദീനെ നോക്കിയെങ്കിലും കടുത്ത മത വിശ്വാസിയായ മൂപ്പര്‍ തടിയെടുത്തിരുന്നു.

എന്താണ്‌ സര്‍, ഈ 'ചുട്ടാപ്പി' യാത്രയുടെ വിവരണം പറഞ്ഞ് സമയം മെനക്കെടുത്തുകയാണല്ലോ എന്നല്ലേ ഇപ്പോള്‍ നിങ്ങള്‍ ചിന്തിച്ചത്? നമ്മള്‍ ഇതിനേക്കാള്‍ വലിയ യാത്രയൊക്കെ എത്ര ചെയ്തിരിക്കുന്നു; അല്ലേ? എന്നാല്‍ ‍അതൊന്നുമല്ല കെട്ടോ പറായാനുദ്ദേശിച്ച കാര്യം. അമ്പല വിശ്വാസിയയ റിജേഷ് മാഷും വിശ്വാസിയല്ലാത്ത ഞാനും മുഴുവന്‍ മന്ദിറും കയറിയിറങ്ങി നടന്നിട്ടെന്തു കാര്യം? അവയുടെ ശില്പ ഭംഗിയും ചാതുര്യവും, അതു നിര്‍മ്മിച്ച അധ്വാനത്തിന്റെ മഹത്വവും ഞാനല്ലേ കണ്ടുള്ളു!! റിജേഷ് മാഷ് അപ്പോളെല്ലാം കണ്ണുമടച്ചായിരുന്നല്ലോ നില്പ്?

14 comments:

സുശീല്‍ കുമാര്‍ said...

"എന്നാല്‍ ‍അതൊന്നുമല്ല കെട്ടോ പറായാനുദ്ദേശിച്ച കാര്യം. അമ്പല വിശ്വാസിയയ റിജേഷ് മാഷും വിശ്വാസിയല്ലാത്ത ഞാനും മുഴുവന്‍ മന്ദിറും കയറിയിറങ്ങി നടന്നിട്ടെന്തു കാര്യം? അവയുടെ ശില്പ ഭംഗിയും ചാതുര്യവും, അതു നിര്‍മ്മിച്ച അധ്വാനത്തിന്റെ മഹത്വവും ഞാനല്ലേ കണ്ടുള്ളു!! റിജേഷ് മാഷ് അപ്പോളെല്ലാം കണ്ണുമടച്ചായിരുന്നല്ലോ നില്പ്?"
എന്റെ ദൈവ സങ്കല്പ്പത്തിലെ വൈരുദ്ധ്യം എന്തുകൊണ്ട് എന്ന പോസ്റ്റില്‍ ശ്രീ എന്ന ബ്ലോഗര്‍ ഇട്ട ഒരു കമന്റാണ്‌ ഈ പോസ്റ്റിന്‌ പ്രേരണ. അമ്പലത്തില്‍ തലയില്‍ മുണ്ടിട്ടു പോകുന്ന യുക്തിവാദികളെ അദ്ദേഹത്തിനറിയാം എന്നാണ്‌ പറാഞ്ഞത്. യുക്തിവാദികള്‍ക്ക് അമ്പലത്തില്‍ പോകാന്‍ തലയില്‍ മുണ്ടിടേണ്ടതുണ്ടോ? ശ്രീയുടെ നാടായ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും, വയനാടന്‍ കാട്ടിനുള്ളിലെ തിരുനെല്ലിയിലും വരെ ഞാന്‍ പോയിട്ടുണ്ട്. അപ്പോഴൊന്നും തലയില്‍ മുണ്ടിട്ടിരുന്നില്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അതു ഓരോരുത്തരും എന്താണു അവിടെ നിന്നു ലഭിക്കാനാഗ്രഹിക്കുന്നതു എന്നതിനെ അനുസരിച്ചല്ലേ.. കണ്ണടച്ചു പ്രാർത്ഥിക്കാനാണേൽ വീട്ടിലിരുന്നാൽ പോരേ എന്നൊക്കെ ചോദിച്ചാൽ,ഒരൽ‌പ്പം തരംതാണു എന്നു തന്നെ പറയേണ്ടി വരും ..

സുശീൽചേട്ടനു അവിറ്റത്തെ ശിൽ‌പ്പഭംഗിയായിരുന്നു ആകർഷകം എങ്കിൽ, റിജേഷ് മാഷിനു അവിടത്തെ അന്തരീക്ഷം ഒരുക്കിക്കൊടുത്ത ഭക്തിനിർഭരമായ അവസ്ഥ ആയിരിക്കാം. അങ്ങിനെയുള്ള ഒരുസ്ഥലത്താണു അദ്ദേഹം നിൽക്കുന്നതു എന്ന ചിന്ത തന്നെ മാഷിനെ ഭക്തിയിലേക്കു നയിച്ചിരിക്കാം ..എന്തരേലുമാവട്ടെ..

ഒരു കഥ കേട്ടിട്ടുണ്ട്.. (ഏതോ ബ്ലോഗിൽ ഞാനിതു എഴുന്നള്ളിച്ചട്ടുണ്ട്).

ഒരു ജ്യോതിശാസ്ത്രജ്ഞന്റെ ലാബിലേക്ക് കടന്നു വന്ന ഒരു കൊച്ചുകുട്ടി അവിടെ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെക്കുറിച്ചു ശാസ്ത്രജ്ഞനോട് ചോദിച്ചു. തന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചു ഘോരഘോരം പ്രസംഗിച്ച അദ്ദേഹത്തോട് ഒരു മടുപ്പോടെ ആ കൊച്ചു കുട്ടി ചോദിച്ചു, അപ്പൊ ഇതിൽ നിന്നു ഇഞ്ചിമുട്ടായി കിട്ടില്ലാലേ..അമ്പരന്നു കൊണ്ട് ഇല്ല എന്നു മറുപടി പറഞ്ഞ ആ ശാസ്ത്രഞ്ജനോട് എന്നാപിന്നെ ഈ പരീക്ഷണം കൊണ്ട് ഒരു കാര്യവുമില്ല എന്നു പറഞ്ഞ് പയ്യൻസ് ഇറങ്ങിപ്പോന്നു.

ഇതിലെ കുട്ടി വിശ്വാസികളാവാം, യുക്തിവാദികളാവാം..സാഹചര്യമനുസരിച്ച്..

സുശീല്‍ കുമാര്‍ said...

പ്രവീണേ, ഇതില്‍ തരം താഴലൊന്നുമില്ല കെട്ടോ. റിജേഷ് മാഷിനെകൂടെ കാട്ടിയ ശേഷമാണ്‌ പോസ്റ്റിട്ടത്. ഇതു കണ്ട അദ്ദേഹം പൊട്ടിച്ചിരിച്ചു. 'കേവല യിക്തിവാദിക്കൊപ്പം മഥുര കണാന്‍ പോകരുത്' എന്നൊരു കവിത യുക്തിവാദിയായ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയത് വായിച്ചതോര്‍ക്കുന്നു. അതായാലും ഫലം ഇതുതന്നെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

ea jabbar said...

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നുവല്ലോ . അനുമോദനം സുശീല്‍ !

സുശീല്‍ കുമാര്‍ said...

Thank you Jabbar mash.

സുജിത്ത് said...

story valare nannaytundu, congrags;

ജാതവേദസ് said...

മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും അവനവന്റെ ആത്മ സുഖത്തിനു വേണ്ടി ആണ്. നിങ്ങള്‍ ചെയ്തതും,,,രിജേഷ് മാഷ് ചെയ്തതും അത് തന്നെ. എല്ലാവരും ഒരേ പ്രവര്‍ത്തി ചെയ്യണം എന്ന് ശടിക്കുന്നതിന്റെ യുക്തി മനസ്സില്‍ ആകുന്നില്ല. ലോകം തന്നെ വൈരുദ്യത്തില്‍ നില നില്‍ക്കുന്നതല്ലേ. അല്ലവര്‍ക്കും ഒരേ PATTER OF LIFE എങ്ങിനെ ശരിയാകും ചില സെമിടിക്‌ മതങ്ങള്‍ പറയുന്ന യുക്തി ഇല്ലായ്മ നിങ്ങള്‍ക്കും ഉണ്ട് എന്ന് ഈ ലേഖനത്തില്‍ നിന്ന് മനസ്സില്‍ ആയി

സുശീല്‍ കുമാര്‍ said...

വിശ്വസിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തിടത്തോളം കാലം ഒരു വിശ്വാസത്തിനും എതിരല്ല; ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും. മാഷ് പ്രാര്‍ഥിച്ചതിന്‌ ഞാന്‍ എതിരുപറഞ്ഞില്ലല്ലോ? മാഷ് പ്രാര്‍ഥിച്ചു കഴിഞ്ഞ ശേഷം മന്ദിരം കണ്ടില്ലെന്നും പറഞ്ഞില്ല. ഇതില്‍ സെമിറ്റിക് മതക്കാരുടെ പിടിവാശിയുമില്ല. ആദ്യ കമന്റു വായിച്ചില്ലേ? യുക്തിവാദികള്‍ അംമ്പലത്തില്‍പോകുന്നതിനെ പരിഹസിച്ചതിന്‌ പ്രതികരിച്ചെന്നേയുള്ളു. എന്ന് വെച്ച് എല്ലാ യുക്തിവാദികളും പോയി അമ്പലം കാണണമെന്നും അര്‍ത്ഥമാക്കണ്ട കെട്ടൊ. പോകുന്നതിന്റെ ലക്ഷ്യം വ്യത്യസ്തമാകാം എന്നേ ഉദ്ദേശിച്ചുള്ളു.

arun said...

Visited seeing this in Mathrubhumi.Nice blog.

സുശീല്‍ കുമാര്‍ said...

Arun, welcome

നന്ദന said...

സുശീല്‍, ഇതിൽ നിന്നും ഞാനൊരുകാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. ഒരു വിശ്വാസിയുടെ ഇന്നത്തെ അവസ്ഥ കണ്ണുമടച്ചുള്ള യാത്രയാണെന്ന്. ഇവർ ലോകം കാണുന്നില്ല ഒരു കാര്യത്തിലും. ഇത് വായിച്ചപ്പോൾ ചിലവരികൽ മനസ്സിലേക്ക് വരുന്നു, എഴുതാൻ ശ്രമിക്കാം.

being unavailable said...

good

വിചാരം said...

"എന്നാല്‍ ‍അതൊന്നുമല്ല കെട്ടോ പറായാനുദ്ദേശിച്ച കാര്യം. അമ്പല വിശ്വാസിയയ റിജേഷ് മാഷും വിശ്വാസിയല്ലാത്ത ഞാനും മുഴുവന്‍ മന്ദിറും കയറിയിറങ്ങി നടന്നിട്ടെന്തു കാര്യം? അവയുടെ ശില്പ ഭംഗിയും ചാതുര്യവും, അതു നിര്‍മ്മിച്ച അധ്വാനത്തിന്റെ മഹത്വവും ഞാനല്ലേ കണ്ടുള്ളു!! റിജേഷ് മാഷ് അപ്പോളെല്ലാം കണ്ണുമടച്ചായിരുന്നല്ലോ നില്പ്?"
..... അത് തന്നെ ഹൈലൈറ്റ് .... ഫെയ്സ്ബുക്കിനെക്കാള്‍ ബ്ലോഗ്‌ തന്നെ ഉത്തമം ..