ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Sunday, December 20, 2009

ലഗ്നത്തില്‍ പ്ലൂട്ടോയുടെ അപഹാരം.

"എന്നാലും ഇത് കൊറച്ച് കടുപ്പായീലോ ന്റെ ഭഗവതീ!"
ജ്യോല്‍സ്യന്‍ വിനോദ് കുമാര്‍ പണിക്കര്‍ M A തന്റെ രാശിപ്പലകയില്‍ നിന്നും കണ്ണുയര്‍ത്തി കസേരയിലേക്ക്‌ ഒന്നുകൂടി ചടഞ്ഞിരുന്നു. രണ്ടു വര്‍ഷത്തെ ഗവേഷണ ഫലമായി ഉണ്‍ടാക്കിയെടുത്ത ഗവേഷണ പ്രബന്ധമല്ലേ ഒറ്റയടിക്ക്‌ നിഷ്ഫലമായത്? ഈ ഇന്റര്‍നേഷണല്‍ അസ്റ്റ്റോണമിക്കല്‍ യൂണിയന്‍കാര്‍ക്ക് ഈ കൊലച്ചതി ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
"ഇനി ഞാന്‍ എന്ത് ചെയ്യും എന്റെ ഭഗവതീ?"

അച്ഛന്റെ വഴി തെരഞ്ഞെടുത്ത് ഒരു ജ്യൊത്സ്യനാകണമെന്ന് വിനോദ് കുമാര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അല്‍പ്പം ഭൂതം ഭാവി വര്‍ത്തമാന പ്രവചനവും ജതകമെഴുത്തും വിവാഹപ്പൊരുത്തം നോക്കലുമായി നടന്നിരുന്ന പുരുഷോത്തമന്‍ പണിക്കര്‍ക്ക് മകനെ തന്റെ പിന്‍ഗാമിയാക്കാന്‍ ഒട്ടും താല്പര്യവുമില്ലായിരുന്നു. മകനെ പഠിപ്പിച്ച് ഒരു വലിയ ഉദ്ധ്യോഗസ്ത്ഥനാക്കാനാണ്‌ പണിക്കര്‍ ആഗ്രഹിച്ചത്.കഷ്ടപ്പെട്ടിട്ടാണെങ്കിലും എം എ വരെ പഠിപ്പിക്കുകയും ചെയ്തു. ഒരു നല്ല ജോലിക്കായി നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്താതെ വന്നപ്പോളാണ്‌ അച്ഛന്റെ മരണശേഷം വിനോദ് കുമാര്‍ തട്ടിന്‍പുറത്തുനിന്നും കവടിസഞ്ചി പൊടിതട്ടിയെടുത്തത്. ടൗണില്‍ ഒരു റൂം വാടകക്കെടുത്ത് ജ്യോല്‍സ്യന്‍ വിനോദ് കുമാര്‍ പണിക്കര്‍ എന്ന ബോര്‍ഡും വെച്ച് പ്രാക്റ്റീസും തുടങ്ങി. പക്ഷേ കമ്പ്യൂട്ടര്‍ ജ്യോല്‍സ്യം, കമ്പ്യൂട്ടര്‍ ജാതകം തുടങ്ങീയ ആധുനിക ജ്യോതിഷ വിധികള്‍ക്കുമുന്നില്‍ പച്ചപിടിക്കാന്‍ കഴിഞ്ഞില്ല. പോരാത്തതിന്‌ വിനോദ് കുമാര്‍ പണിക്കര്‍ എന്ന പേരിന്‌ ഒരു തറവാടിത്തവും പോര എന്നൊരു തോന്നല്‍. അങ്ങനെയാണ്‌ വിനോദ് കുമാര്‍ പണിക്കര്‍ എന്ന പേരിനുകൂടെ തന്റെ ഡിഗ്രിയായ 'എം എ' കൂടി ചേര്‍ത്ത് ഒരു പുതിയ ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
അല്ലെങ്കിലും ഇപ്പോള്‍ ജ്യോത്സ്യന്മാര്‍ മാത്രമല്ല, അമ്പലത്തിലെ പൂജാരിമാരും അഖണ്ഡനാമ യജ്ഞക്കാര്‍ വരെ പേരിനുകൂടെ ഡിഗ്രി കൂടി ചേര്‍ക്കുന്നുണ്ട്. 'യജ്ഞാചാര്യന്‍ ഗോപാലകൃഷ്ണന്‍ എം എ, എം ഫില്‍' എന്നൊക്കെ പറഞ്ഞുകേള്‍ക്കാന്‍ തന്നെ എന്തൊരു ചേലാണ്‌. ഇതുകൂടാതെ ജ്യോതിഷാലയത്തിന്‌ ഒരുഗ്രന്‍ പേരും കണ്ടെത്തി വിനോദ് കുമാര്‍. ' നവഗ്രഹ അസ്ട്രോളജിക്കല്‍ റിസേര്‍ച്ച് സെന്റര്‍'.

ടൗണിലെ ഹോമിയോ ഡോക്ടര്‍ ശ്രീശാന്ത് ജി മേനോന്‍ തന്റെ ഹോമിയോ ആശുപത്രിക്ക്‌ നല്‍കിയ പേരാണ്‌ ഇതിന്‌ പ്രചോദനമായത്. 'K M ഹോമിയോ ഹൊസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍.' ഡോ. സാമുവല്‍ ഹാനിമാനുശേഷം കാര്യമായ റിസര്‍ച്ചൊന്നും നടന്നിട്ടില്ലെങ്കിലും ഹോമിയോ റിസര്‍ച്ച് സെന്റര്‍ എന്ന പേര്‌ ക്ലച്ചുപിടിച്ചു. ആശുപത്രിയിലെത്തുന്ന രോഗികളുടെ രോഗവിവരങ്ങള്‍ എന്റര്‍ ചെയ്തു സൂക്ഷിക്കാന്‍ ഒരു കമ്പ്യൂട്ടറും വെച്ചു. ഇതോടെ മുപ്പതുരൂപയ്ക്കു മരുന്നു വാങ്ങിയിരുന്ന രോഗി മുന്നൂറും അഞ്ഞൂറും രൂപ കൊടുക്കേണ്ടി വന്നു. എന്നാലെന്താ, പരിസരപ്രദേശങ്ങളില്‍ ഇരുപതും മുപ്പതും രൂപയ്ക്കു മരുന്നു വങ്ങിയിരുന്ന രോഗികള്‍ അങ്ങോട്ടൊഴുകി. റിസര്‍ച്ച് സെന്ററില്‍നിന്നുള്ള മരുന്നായതിനാല്‍ അത്രയും പണം കൊടുക്കാന്‍ ആര്‍ക്കും ഒരു പഞ്ഞവും തോന്നിയുമില്ല. മറ്റു അണ്‍ക്വാളിഫൈഡ് ഹോമിയോക്കാരെ മാത്രമല്ല, ആയുര്‍വേദക്കാരെയും അലവലാതി അലോപ്പതിക്കാരെയും വരെ ഡോക്റ്റര്‍ക്ക്‌ പരമ പുച്ഛവുമാണ്‌.

നവഗ്രഹ അസ്റ്റ്രോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ സാമാന്യം നല്ല പ്രാക്റ്റീസും വരുമാനവുമായി വരുന്ന സമയത്താണ്‌ വിനോദ് കുമാറിന്‌ പുതിയൊരു പൂതി മുളച്ചത്. പല വിധ ആകര്‍ഷണ യന്ത്രങ്ങളും വികര്‍ഷണ യന്ത്രങ്ങളും, സന്താന സൗഭാഗ്യ യന്ത്രങ്ങളും, ധനാഘര്‍ഷണ യന്ത്രങ്ങലും വിറ്റ് കോടീശ്വരനായ ഡോ. ചേറ്റുകാല്‍ ഗോപാലകൃഷ്ണനെപ്പോലെ പേരിനുമുന്നില്‍ ഒരു ഡോ. കൂടിയുണ്ടെങ്കില്‍ ബിസിനസ് മെച്ചപ്പെടുത്താമായിരുന്നു. പുതിയ ജ്യോതിഷ സര്‍വ്വകലാശാലയില്‍നിന്ന് ജ്യോതിഷത്തില്‍ ഒരു ഡോക്റ്ററേറ്റ് കിട്ടാന്‍ എളുപ്പവുമാണ്‌. അങ്ങനെ വിനോദ് കുമാര്‍ ജ്യോതിഷത്തില്‍ പുതിയ ഗവേഷണങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.
ആധികാരിക ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നും വലിയ ഗ്രാഹ്യമില്ലെങ്കിലും കസ്റ്റമേഴ്സിനെ കയ്യിലെടുക്കാന്‍ വേണ്ട അത്യാവശ്യ കാര്യങ്ങളൊക്കെ ഇതിനകം വശമാക്കിയിട്ടുണ്ട്. പക്ഷേ ഗവേഷണമാകുമ്പോള്‍ അതു മാത്രം മതിയാകില്ലല്ലോ. അതുകൊണ്ടാണ്‌ പാപ്പുട്ടി മാഷുടെ 'ജ്യോല്‍സ്യം ശസ്ത്രീയമോ' എന്ന പ്രഭാഷണം ടൗണ്‍ ഹാളിലുണ്ടെന്നു കേട്ടപ്പോള്‍ അതുമൊന്നു കേട്ടുകളയാമെന്നുവെച്ചത്. യുക്തിവാദികളോട് അധികം സംസാരിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞുപോവുകയാണ്‌ പതിവെങ്കിലും ഒരു ഗവേഷണ പ്രബന്ധത്തിന്റെ കാര്യമാകുമ്പോള്‍ അതു പറ്റില്ലാല്ലോ.

മാഷ് പറഞ്ഞ കാര്യങ്ങള്‍ വളരെ കുഴപ്പം പിടിച്ചതുതന്നെയായിരുന്നു. ഇത്തരമൊരു പോരായ്മ ജ്യോതിഷത്തിനുണ്ടെന്ന്‌ ഇന്നുവരെ തോന്നിയില്ലല്ലോ! ജ്യോതിശ്ശാസ്ത്രം ഭൂകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും സൗരകേന്ദ്ര സിദ്ധാന്തത്തിലേക്കും, സൗരകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും ക്ഷീരപഥങ്ങളിലേക്കും സൂപ്പര്‍ ഗാലക്സികളിലേക്കും അതിനുമപ്പുറത്തേക്കും വികസിച്ചപ്പോള്‍ ഫലജ്യോതിഷം ഭൂകേന്ദ്ര സിദ്ധാന്തത്തില്‍നിന്നും ദേവ സങ്കല്പ്പങ്ങളില്‍നിന്നും മുന്നോട്ടു പോയില്ല. ശാസ്ത്രത്തിലെ നവഗ്രഹങ്ങള്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ പ്ലൂട്ടോ എന്നിവയാണെങ്കില്‍ ജ്യോതിഷിയുടെ നവഗ്രഹങ്ങള്‍ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ്‌. ഇവയില്‍ സൂര്യന്‍ നക്ഷത്രവും ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹവുമാണ്‌. രാഹുവും കേതുവും സങ്കല്പ്പിക ബിന്ദുക്കള്‍ മാത്രവും.ഈ തെറ്റായ വിവരങ്ങളില്‍ തുടങ്ങുന്ന ജ്യോതിഷം ഒരിക്കലും ശരിയാവുകയില്ലെന്ന് മാഷ് പറഞ്ഞപ്പോള്‍ തൊലി ഉരിയുന്നതുപോലെ തോന്നി.

ജ്യോതിഷത്തില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ നടക്കാത്തതാണ്‌ ഈ പ്രതിസന്ധിക്കു കാരണമെന്ന്‌ വിനോദ് കുമാര്‍ എം എ കണ്ടെത്തി. ഖുര്‍ ആര്‍, ബൈബിള്‍, ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ക്ക്‌ ശാസ്ത്രീയവും കാലോചിതവുമായ വിശദീകരണം നല്‍കാന്‍ ചില സംഘടനക്കാര്‍ ഗവേഷണം നടത്തിവരുന്നതായും കേട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം പരീക്ഷണ നിരീക്ഷണങ്ങളും ഗണനങ്ങളും നടത്തിയാണ്‌ വനോദ് കുമാര്‍ തന്റെ ഗവേഷണ പ്രബന്ധം പൂര്‍ത്തീകരിച്ചത്.

തന്റെ സിദ്ധാന്തത്തിലൂടെ അദ്ദേഹം സൂര്യന്‍, ചന്ദ്രന്‍, രാഹു, കേതു എന്നിവയെ രാശിപ്പലകയില്‍നിന്നും നീക്കം ചെയ്തു. പകരം യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയെയും കേന്ദ്ര സ്ഥാനത്തിരുന്ന ഭൂമിയെയും ഗ്രഹപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സൂര്യനെ കേന്ദ്ര സ്ഥാനത്ത് സ്ഥാപിച്ചു. സൗരയൂഥത്തിനു പുറത്തുള്ള ഗോളങ്ങള്‍ക്ക് ജനന സമയം നോക്കി ഹിന്ദുക്കളുടെ ഭാവിയെ ബാധിക്കാന്‍ മാത്രം ശക്തിയില്ലാത്തതിനാല്‍ അവയെ അവഗണിക്കാവുന്നതാണെന്ന പുതിയ സിദ്ധാന്തവും രൂപപ്പെടുത്തി.

ജാതകപ്പൊരുത്തം നോക്കി വിവാഹമുറപ്പിക്കാന്‍ വന്ന ചില കേസുകളില്‍ 'ലഗ്നത്തില്‍പ്ലൂട്ടോയുടെ അപഹാര'മുണ്ടെന്നും, 'യുറാനസ് ദോഷ'മുണ്ടെന്നും പറഞ്ഞ് വിവാഹം മുടക്കി നോക്കിയപ്പോള്‍ കസ്റ്റമേഴ്സിന്‌ അവിശ്വാസമൊന്നും തോന്നായ്കയാല്‍ തന്റെ പുതിയ സിദ്ധാന്തത്തില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു.പ്ലൂട്ടോയുടെയല്ല, ലഗ്നത്തില്‍ സിറിയസിന്റെ അപഹാരമുണ്ടെന്നു പറഞ്ഞാലും ജ്യോതിഷ വിശ്വാസികള്‍ കണ്ണുമടച്ച് വിശ്വസിക്കുമല്ലോ!!

ഇങ്ങനെ കഷ്ടപ്പെട്ടു, ബുദ്ധിമുട്ടി തയ്യാറാക്കിയ ഗവേഷണ പ്രബന്ധമല്ലേ ഈ അസ്റ്റ്റോണമിക്കല്‍ യൂണിയന്‍കാരുടെ ഒരൊറ്റ തീരുമാനം കൊണ്ട് കാലഹരണപ്പെട്ട് പോയിരിക്കുന്നത്!! പിണ്ഡക്കുറവും, ഗുരുത്വമില്ലായ്മയും, ദുര്‍നടപ്പും മൂലം അവര്‍ പ്ലൂട്ടോയെ ഗ്രഹപ്പട്ടികയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.

"എന്റെ ഭഗവതീ, പുറാത്താക്കപ്പെട്ട പ്ലൂട്ടോയുമായി ഇനി ഞാനെന്റെ ഗവേഷണ പ്രബന്ധം എങ്ങനെ സമര്‍പ്പിക്കും? വല്ല പരിഹാരവുമുണ്ടൊ എന്ന് കവടിനിരത്തി നോക്കുകതന്നെ."

13 comments:

സുശീല്‍ കുമാര്‍ said...

ഇതിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ എന്റെയോ നിങ്ങളുടെയോ ചുറ്റുപാടും കാണുന്ന വല്ലവരുമായും വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അത്‌ യാദൃശ്ചികം മാത്രമാണ്‌.

ബിനോയ്//HariNav said...

"..വല്ല പരിഹാരവുമുണ്ടൊ എന്ന് കവടിനിരത്തി നോക്കുകതന്നെ.."

അതെയതെ കവടി നിരത്തിയാല്‍ എന്ത് പ്രശ്നത്തിനാണ് ചാത്രീയപരിഹാരം ഇല്ലാത്തത്. നല്ല പോസ്റ്റ് സുശീല്‍‌ഭായ് :)

Abdul Azeez Vengara said...

സിഹ്‌റുകാരെക്കൊണ്ട‍ും മന്ത്രവാദക്കാരെക്കൊണ്ട‍ുമുണ്ട‍ാകുന്ന ദോഷങ്ങളും, .അവർ നടത്തുന്ന പൈശാചിക പ്രവർത്തനങ്ങളും അധികം വിസ്തരിച്ചു പറയേണ്ടതില്ല. രോഗം മാറ്റുവാൻ, ഭാഗ്യം സിദ്ധിക്കുവാൻ, അന്യന്‌ ആപത്തു നേരിടുവാൻ, തമ്മിൽ പിണക്കമുണ്ട‍ാക്കുവാൻഅങ്ങിനെ പലതിന്റെ പേരിലും-ഹോമം, ജപം, മുട്ടറുക്കൽ, ഉറുക്ക്‌, മന്ത്രം, ജോൽസ്യം എന്നിങ്ങിനെ പലതും നടത്തി അവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു 'അസ്മാഇന്റെ പണിക്കാർ,' 'ത്വൽസമാത്തുകാർ' എന്നിങ്ങിനെയുളള അറബിപ്പേരുകളിൽ അറിയപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നവർതന്നെ. ഇവർ തങ്ങളുടെ മന്ത്രതന്ത്രങ്ങളിൽ ചില ഖുർആൻ വചനങ്ങളും ദിക്‌റുകൾ മുതലായവയും കൂട്ടിക്കലർത്തുന്നതുകൊണ്ട‍്‌ ഇതിൽനിന്ന്‌ ഒഴിവാകുന്നതല്ല. വേണമെങ്കിൽ, ഈ സൂറത്തുതന്നെയും ഓതിക്കൊണ്ട‍്‌ കെട്ടുകളിൽ മന്ത്രിക്കുന്നു അവരുടെ കെടുതലിൽനിന്നുതന്നെഅവരറിയാതെഅവർ അല്ലാഹുവിൽ ശരണം തേടിയെന്നുവന്നേക്കും. അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്ന അതേ രൂപത്തിൽതന്നെ അവർക്കുപോലും അജ്ഞാതമായ ഏതോ ചില പേരുകൾ വിളിച്ചു പ്രാർത്ഥിക്കലും, അർത്ഥം ഗ്രാഹ്യമല്ലാത്ത വാക്കുകൾ ഉരുവിടലും അവരുടെ പതിവാണ്‌. പിശാചിനെ സേവിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചില മുസ്ലിം നാമധാരികളായ അവിശ്വാസികൾ തങ്ങളുടെ പൂജാകർമങ്ങളിൽ ചിലപ്പോൾ സൂറത്തുയാസീൻപോലെയുളള ഖുർആന്റെ ഭാഗങ്ങളും തൗഹീദിന്റെ കലിമയും മറ്റും ഉരുവിട്ടെന്നും വരും. പാമരന്മാരെ വഞ്ചിക്കുവാൻവേണ്ട‍ി പിശാച്ച്‌ ആസൂത്രണം ചെയ്യുന്ന അതിസമർത്ഥമായ പകിട്ടുവിദ്യകളത്രെ ഇതെല്ലാം.


ചുരുക്കിപ്പറഞ്ഞാൽ, അല്ലാഹുവും അവന്റെ റസൂലും നിർദ്ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവമൂലം ഏർപ്പെടാവുന്ന കെടുതികൾ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമിൽ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തിൽനിന്ന്‌ ഉടലെടുത്തത്താണ്‌ എന്നിങ്ങനെയുളളു ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ.

അമാനി മൌലവിയുടെ ഖുർആൻ വ്യാഖ്യാനത്തിൽ നിന്നും. അദ്ധ്യായം 113 ന്റെ വ്യാഖ്യാനം

പാമരന്‍ said...

ha ha kalakki! :)

ശ്രീവല്ലഭന്‍. said...

:-)

Suraj said...

Kudos !!!

സുശീല്‍ കുമാര്‍ said...

ബിനോയ്, അബ്ദുല്‍ അസീസ്, പാമരന്‍, ശ്രീവല്ലഭന്‍, സൂരജ്, പ്രതികരണങ്ങള്‍ക്കു നന്ദി.

അബ്ദുല്‍ അസീസ് വേങ്ങര ഉദ്ധരിച്ചു:-

"ചുരുക്കിപ്പറഞ്ഞാൽ, അല്ലാഹുവും അവന്റെ റസൂലും നിർദ്ദേശിച്ചും അനുവദിച്ചും തന്നിട്ടില്ലാത്ത എല്ലാ മന്ത്രതന്ത്രങ്ങളും തെറ്റായതും, അവമൂലം ഏർപ്പെടാവുന്ന കെടുതികൾ വളരെ വമ്പിച്ചതുമാകുന്നു. ഇസ്ലാമിൽ മന്ത്രമേയില്ല, എല്ലാ മന്ത്രവും അന്ധവിശ്വാസത്തിൽനിന്ന്‌ ഉടലെടുത്തത്താണ്‌ എന്നിങ്ങനെയുളളു ചില ചിന്താഗതിക്കാരെയും അഭിപ്രായക്കാരെയും ഇന്നു കാണാം. ഇതും തികച്ചും തെറ്റായ ഒരു വാദമത്രെ."

എന്റെ അന്ധവിശ്വാസം മാത്രം നല്ലതും, മറ്റുള്ളവരുടെതെല്ലാം മോശവും എന്ന വാദം മറ്റുള്ളവര്‍ക്ക് സ്വീകാര്യമാകുമോ അസീസേ?

Sudheer Chattanath said...

വളരെ നല്ല പോസ്റ്റ്‌ ,ഇതൊന്നു കൊണ്ടൊന്നും നമ്മുടെ നാട് നന്നവിലെന്റ്റ് അനിയാ , സ്കൂളില്‍ നിന്നും കിട്ടുന്ന അറിവ് വെറും പരീക്ഷ കടലാസ്സില്‍ എഴുതാനും ,ജീവിയ്ക്കാന്‍ എല്ലാ വിധ അന്ധ വിശ്വാസങ്ങളും അരച്ചു കല്കി കുടിയ്ക്കണം എന്നും കരുതുന്ന നമ്മുടെ നാട്ടുകാരോട് എന്ത് പറഞ്ഞിട്ടെന്താ ? എന്നാലും ഈ വലിയ പരീക്ഷണം നല്ലത് തന്നെ .എല്ലാ വിധ പ്രോത്സാഹനവും എന്റെ ഭാഗത്ത്‌ നിന്നുംഉണ്ടാവും.

ബിജു ചന്ദ്രന്‍ said...

വായിച്ചു, രസകരമായിരിക്കുന്നു!
ഇതൊക്കെ വിശ്വാസികളുടെ മനസ്സിനെ സ്പര്‍ശിക്കാന്‍ സാധ്യത വളരെ കുറവ്. ജ്യോതിഷ വിശ്വാസം തീവ്രതയില്‍ ഏതാണ്ട് മതവിശ്വാസത്തോടടുത്തു നില്‍ക്കുന്നു.
നല്ല ഉദ്യമം.

karadan said...

andavishasangalkedire poradan iniyum sadikkatte ennnu ashamsikkunnu.

അപ്പൂട്ടൻ said...

സുശീൽ,
പ്ലൂട്ടോയെ സസ്പെന്റ്‌ ചെയ്തതാണെന്നും ജ്യോതിഷം ശാസ്ത്രത്തിന്റെ പരമകാഷ്ഠയിലാണെന്നും അതിനാൽ പ്ലൂട്ടോയുടെ താൽകാലിക പുറത്താക്കൽ ജ്യോതിഷം അംഗീകരിക്കുന്നില്ലെന്നും പ്രബന്ധത്തിൽ എഴുതിപ്പിടിപ്പിക്കാൻ പറഞ്ഞുനോക്കിയാലോ?
എന്തായാലും റിസർച്ച്‌ പരിപാടി ഇഷ്ടപ്പെട്ടു. ഇനി ചാത്തനേറ്‌, ഒടിയൻഉപദ്രവം, കൂടോത്രം എന്നിവയ്ക്കുകൂടി റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുകൾ തുടങ്ങാം.

ജാതവേദസ് said...

"WHAT EVER SLOKAS AND MANDRAS ARE THERE ALL ARE RIGHT EXCEPT THE SLOKAS AND MANTRAS OF OTHER"

HI,,,HI,,,,,,MADE ME LAUGH

അഭി said...

ഈ ജ്യോതീഷികളെയും മന്ത്രവാദികളെയും കടലില്‍ തള്ളിയാല്‍ ഈ നാട് നന്നാവും. സംശയമില്ല.