ജ്യോതിഷം ശാസ്ത്രമല്ല; ശാസ്ത്രാഭാസമാണ്‌. ഇനി നമുക്ക് ജാതകങ്ങള്‍ക്ക്‌ തീ കൊളുത്താം

Friday, November 6, 2009

ഒരു പ്രേതബാധയുടെ ഓര്‍മ്മ

സംഭവം നടന്നത് ഏതാണ്ട് ഇരുപത്തഞ്ച് കൊല്ലം മുമ്പാണ്‌. ഒരു നവംബര്‍ മാസ സായാഹ്നം. നേരം ഇരുട്ടിവരുന്നതേയുള്ളു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ സ്കൂള്‍ വിട്ടുവന്നശേഷം നിരത്തുവക്കത്തിരുന്ന് സൊറ പറയുകയാണ്‌. പെട്ടെന്നാണ്‌ ഒരു കൂകിവിളി കേട്ടത്. കൂകിവിളിയെന്നുപറഞ്ഞാല്‍ ഒരു പ്രത്യേകതരം കൂവലാണ്‌. അത് സാധാരണ പതിവില്ലാത്തതിനാല്‍ ഞങ്ങള്‍ കാതോര്‍ത്തു.വീണ്ടും വന്നു കൂവല്‍; ഒരു സ്ത്രീയുടെ ശബ്ദമാണ്‌.

ഞങ്ങള്‍ ഉടനെ ശബ്ദം കേട്ട ദിക്കിലേക്കോടി. ഞങ്ങള്‍ മാത്രമല്ല 'പൊറ്റയിലങ്ങാടി'യിലുണ്ടായിരുന്നവരും അടുത്ത വീട്ടുകാരും എല്ലാം ഓട്ടമാണ്‍്‌. ഓടിക്കിതച്ച് സംഭവസ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച്ച അമ്പരപ്പിക്കുന്നതാണ്‌. മുടിയൊക്കെ അഴിച്ചിട്ട് ഒരു പെണ്‍കുട്ടി വീടിന്റെ വരാന്തയിലിരുന്ന് അട്ടഹസിക്കുന്നു. അവ്യക്തമായി പറയുന്നതിനിടയില്‍ കൂകിവിളിയുമുണ്ട്. മുന്നില്‍ തൊഴുകയ്യുമായി ഓച്ഛാനിച്ച് അയല്‍വാസിയായ നാരായണന്‍ നില്പുണ്ട്. ഭാസകരപട്ടേലരുടെ മുന്നില്‍ തൊമ്മിയെപ്പോലെ വിധേയനായുള്ള ആ നില്പ്പു കണ്ടപ്പോള്‍ എനിക്ക്‌ ചിരിക്കണൊ കരയണോ എന്ന്‌ ധര്‍മസങ്കടമായി.ഇളകിയാടുന്ന പെണ്‍കുട്ടിയുടെ അമ്മ ഒരു മൂലയ്ക്ക് മാറിനില്പ്പുണ്ട്. അടുത്ത് ആകാംക്ഷാഭരിതരായി അയല്‍ക്കാരായ സ്ത്രീകളും.

പെട്ടെന്ന് ഇളകിയാടുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ നാരായണന്‍ ഒന്നുകൂടി കുമ്പിട്ടുകൊണ്ട് അല്പം ഭയത്തോടെ പറഞ്ഞു.
' കണാരേട്ടാ ഇത്‌ ഞാനാ, അങ്ങേലെ നാരാണന്‍.'

മുടിയൊന്നുകൂടിഇളക്കിയാട്ടി പെണ്‍കുട്ടി പരുഷമായ ശബ്ദത്തില്‍ ആക്രോശിച്ചു:

'ഏത് നാരാണന്‍?'

'കണാരേട്ടാ ഇങ്ങക്ക് ഇന്ന ഓര്‍മല്യേ? ഞാന്‍ അങ്ങേലെ നാരാണനാണ്‌. ചന്ത്വേട്ടന്റെ മോന്‍'

നാരാണനെ ഐഡറ്റിഫൈ ചെയ്യാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെച്ച് പെണ്‍കുട്ടിയുടെ അടുത്ത ഉരിയാടല്‍ വന്നു:
'റാക്ക്'

എന്ത്?
'റാക്ക്‌'* സംശയനിവൃത്തിക്കായി ഒന്നുകൂടെ ഉറക്കെതന്നെ വ്യക്തമാക്കി.

മരിച്ചുപോയെ കാരണവര്‍ക്ക് റാക്ക് വേണം. കാര്യം മനസ്സിലായ നാരായണന്‍ ഒറ്റ ഓട്ടം.
'ഇപ്പ കൊണ്ടരാം'

പെട്ടെന്നാണ്‌ ഒരു മൂലക്ക് നിന്നിരുന്ന കുട്ടിയുടെ അമ്മ വിങ്ങിക്കരയാന്‍ തുടങ്ങിയത്. വിഷമിക്കേണ്ടെന്ന് സമാധാനിപ്പിച്ച അടുത്ത വീട്ടിലെ പെണ്ണുങ്ങളോട് അവര്‍ കാര്യം പറഞ്ഞു.

'ഓല്‌ വന്നിട്ട് ഇന്നക്കണ്ട ഭാവം കൂടി കാട്ടീലല്ലോ?'

പെണ്‍കുട്ടിയുടെ അവസ്ഥയിലല്ല അവരുടെ സങ്കടം. കാലങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ കെട്ട്യോന്‍ വന്നിട്ട് തന്നെ കണ്ട ഭാവം പോലും നടിക്കുന്നില്ലല്ലോ എന്ന പരിഭവമാണ്‌.

കൂട്ടം കൂടിനിന്ന ആളുകളെ വകഞ്ഞുമാറ്റി റാക്കിനുപോയ നാരായണന്‍ കിതച്ചെത്തി.
റാക്ക് കിട്ടിയില്ല പകരം പട്ടാളത്തില്‍ നിന്ന് വന്ന മോഹനന്റെ കയ്യീന്ന് ലേശം 'മറ്റവന്‍' കിട്ടി. വിദേശമാണ്‌. എന്നാലും വേണ്ടില്ല, കാരണവരെ പിണക്കരുതല്ലോ.

നാടന്‍ പട്ടയടിച്ച് കരളുകാഞ്ഞു മരിച്ചപോയ കാരണവര്‍ മരിക്കുന്നതുവരെ കണികണ്ടിട്ടില്ലാത്ത വിദേശമദ്യം ഒരു ഗ്ലാസിലൊഴിച്ച് വെള്ളവും ചേര്‍ത്ത് നാരാണന്‍ പെണ്‍കുട്ടിക്കുനേരെ നീട്ടി.
ഒറ്റവലി. ഗ്ലാസ്സ് കാലി.
കുറച്ച് നേരം കൂടി പരാക്രമം കാട്ടിയ ശേഷം ബാധയടങ്ങി. ഇപ്പം മിണ്ടാട്ടമില്ല. പെണ്ണ് കുഴഞ്ഞുകിടപ്പാണ്‌. ഓടിക്കൂടിയ നാട്ടുകാരെല്ലാവരും പിരിഞ്ഞുകൊണ്ടിരുന്നു. കാരണവര്‍ക്ക് മദ്യം നല്‍കി സന്തോഷിപിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നമ്മുടെ നാരാണനും.

*റാക്ക്= നാടന്‍ ചാരായം